ലക്‌നൗ: പശുക്കടത്ത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുമെന്ന് പൊലീസിനെ ഭീഷണിപ്പെടുത്തി അലിഗഢ് മുന്‍ മേയറും ബി.ജെ.പി നേതാവുമായ ശകുന്തള ഭാരതി. അലിഗഢില്‍ ഇറച്ചിയുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ ശേഷം പൊലീസ് സ്റ്റേഷനിലെത്തിയാണ് ഭീഷണി മുഴക്കിയത്.
‘ജനങ്ങള്‍ എന്ത് ചെയ്താലും അവര് കുറ്റക്കാരാവില്ല. റമദാനില്‍ അവര്‍ നോമ്പെടുക്കേണ്ട സമയത്ത് മാംസം കഴിക്കുകയാണ്. അവരെ പിടികൂടി അടിയ്ക്കണം. അവരുടെ തല പൊട്ടിക്കരുത്, എല്ല് അടിച്ച് പൊട്ടിക്കണം.ഇത് സമാജ്‌വാദി സര്‍ക്കാരല്ല. ബി.ജെ.പിയാണ് ഭരിക്കുന്നത്.’ ശകുന്തള ഭാരതി പറഞ്ഞു.
അതേസമയം വാഹനത്തില്‍ കൊണ്ടുപോയത് പശുവിറച്ചിയല്ലെന്ന് അലിഗഢ് സര്‍ക്കിള്‍ഓഫീസര്‍ വിശാല്‍ പാണ്ഡെ പറഞ്ഞു. മതിയായ രേഖകളോട് കൂടിയാണ് മാംസം കൊണ്ടു പോയതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കൈയില്‍ ചുവന്ന ചരട് കെട്ടിയതിന് യുവാവിനെ ഭാരതി ശിക്ഷിച്ച സംഭവമുണ്ടായിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ വശീകരിക്കുന്നതിന് കെട്ടിയതാണെന്നാണ് ശകുന്തള ഭാരതി കാരണമായി പറഞ്ഞിരുന്നത്.