| Friday, 10th December 2021, 4:10 pm

സി.എ.എ പാസാക്കി രണ്ട് വര്‍ഷമായിട്ടും വിജ്ഞാപനം പുറത്തിറക്കാതെ കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ പാസാക്കിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായെങ്കിലും നിയമം സംബന്ധിച്ച ചട്ടക്കൂടുകളുടെ വിശദാംശങ്ങളടങ്ങിയ വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2019 ഡിസംബര്‍ 11നായിരുന്നു പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിനിപ്പുറം ഇത് സംബന്ധിച്ച നിയമസംഹിതകള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ഇത് പുറത്തിറക്കാത്ത പക്ഷം നിയമനിര്‍മാണം നടപ്പില്‍ വരുത്താനാകില്ല.

2019ല്‍ സി.എ.എ പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ നടന്ന പ്രതിഷേധ സമരങ്ങളില്‍ 83 പേരാണ് കൊല്ലപ്പെട്ടത്. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ അസം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മേഘാലയ, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളിലും അക്രമങ്ങളിലും മരിച്ചവരുടെ കണക്കാണിത്.

2019 ഡിസംബര്‍ ഒമ്പതിന് ലോക്‌സഭയും ഡിസംബര്‍ 11ന് രാജ്യസഭയും സി.എ.എ പാസാക്കുകയായിരുന്നു. ഡിസംബര്‍ 12നായിരുന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമത്തിന് അനുമതി നല്‍കിയത്.

2020 ജനുവരി 10 നിയമം പ്രാബല്യത്തില്‍ വരും എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ നിയമത്തിന്റെ ചട്ടക്കൂടുകള്‍ പുറത്തിറക്കാന്‍ വൈകുകയായിരുന്നു.

വിജ്ഞാപനം പുറത്തിറക്കുന്നതിന് 2022 ജനുവരി ഒമ്പത് വരെ നേരത്തെ ആഭ്യന്തര മന്ത്രാലയം സമയം നീട്ടി ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Even two years after CAA was passed, ministry of home affairs is yet to notify the rules governing the act

We use cookies to give you the best possible experience. Learn more