| Wednesday, 19th October 2022, 12:25 pm

സബ്ജക്ടില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു, മോഹന്‍ലാല്‍ പടം മോശമാകുന്നത് വലിയ വീഴ്ച: ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി 2008ല്‍ തുളസീദാസ് സംവിധാനം ചെയ്ത ചിത്രമാണ് കോളേജ് കുമാരന്‍. മോഹന്‍ലാലിന് പുറമെ വിമല രാമന്‍, ഷംന കാസിം, സുരാജ് വെഞ്ഞാറമൂട്, ബാലചന്ദ്ര മേനോന്‍, സിദ്ദിഖ്, നെടുമുടി വേണു, തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

മോഹന്‍ലാല്‍ വ്യത്യസ്തമായ വേഷം അവതരിപ്പിച്ചിട്ടും സിനിമ പരാജയപ്പെടാനുണ്ടായ കാരണം പറയുകയാണ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ശ്രീകണ്ഠന്‍ വെഞ്ഞാറമൂട്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് പരാജയകാരണം അദ്ദേഹം വ്യക്തമാക്കിയത്.

”കോളേജ് കുമാരന്‍ സിനിമയുടെ സബ്ജക്ടില്‍ എനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. അന്ന് ഞാന്‍ ആ കാര്യം സിനിമയുടെ തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു. അത് പറയാനുള്ള സ്വതന്ത്രം എനിക്കുണ്ടായിരുന്നു.

ഷൂട്ട് തുടങ്ങുമ്പോള്‍ സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായിട്ടില്ലായിരുന്നു. കോളേജ് കുമാരന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആളുകള്‍ ആദ്യം ചിന്തിക്കുക, മോഹന്‍ലാല്‍ എങ്ങനെ ആ കഥാപാത്രത്തിലേക്ക് വരുമെന്നാണ്. സിനിമ തുടങ്ങുന്നതും ആ ഒരു കണ്‍ഫ്യൂഷനില്‍ നിന്നുകൊണ്ടാണ്. പക്ഷേ കാണുമ്പോള്‍ മനസിലാകും അദ്ദേഹം കോളേജില്‍ പഠിക്കാന്‍ വരുന്നതല്ലെന്ന്.

സ്‌ക്രിപ്റ്റ് ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് എഴുതി പോകുകയായിരുന്നു. സുരേഷ് പൊതുവാളായിരുന്നു സ്‌ക്രിപ്റ്റ് റൈറ്റര്‍. തുളസീദാസിനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് സ്‌ക്രിപ്റ്റ് ശരിയാകാത്ത സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറായത്. പിന്നെ കഥകേട്ടപ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ത്രില്ലിങ്ങായി തോന്നി.

കഥാപാത്രം ത്രില്ലിങ്ങായിരുന്നു സബ്ജക്ട് ഇല്ലായ്മയാണ് ആ സിനിമയുടെ ഏറ്റവും വലിയ പോരായ്മ. മോഹന്‍ലാല്‍ ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചിരുന്നു. കഥാപാത്രം നല്ലതായതുകൊണ്ട് അദ്ദേഹം ചെയ്യാന്‍ തയ്യാറായതുപോലെ കഥ നല്ലതായതുകൊണ്ടാണ് തുളസീദാസും സിനിമ ചെയ്യാന്‍ തയ്യാറായത്.

ഒരിക്കലും പരാജയപ്പെടുമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു. സ്‌ക്രിപ്റ്റ് എഴുതി വരുമ്പോഴേക്കും നന്നാവും എന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. സ്‌ക്രിപ്റ്റ് പൂര്‍ണമായിട്ട് സിനിമ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ കാത്തിരുന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം വരുമായിരുന്നു. പിന്നീട് തുളസി സാര്‍ കുറച്ച് ഡൗണ്‍ ആയി. ഒരു മോഹന്‍ലാല്‍ പടം മോശമാകുന്നത് വലിയ വീഴ്ചയാണ്,” ശ്രീകണ്ഠന്‍ വെഞ്ഞാറമൂട് പറഞ്ഞു.

content highlight: Even though Mohanlal played a different role, the reason why the movie failed is being told sreekandan venjaranmood

We use cookies to give you the best possible experience. Learn more