| Friday, 23rd February 2024, 9:43 pm

മുസ്‌ലിങ്ങള്‍ നിരന്തരം അവഗണിക്കപ്പെടുന്നു; സമാജ്‌വാദി പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സലീം ഷെര്‍വാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: മുസ്‌ലിങ്ങള്‍ നിരന്തരം അവഗണിക്കപ്പെടുന്നതായി ആരോപിച്ച് പാർട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന സലീം ഷെര്‍വാനി. സമാജ്‌വാദി പാര്‍ട്ടിയെ പോലൊരു മതേതര പാര്‍ട്ടി പോലും ഹിന്ദുത്വ തരംഗത്തില്‍ തളര്‍ന്ന് പോകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘കാലം ശരിക്കും മാറിയിരിക്കുന്നു. മുസ്‌ലിങ്ങള്‍ ന്യായമായൊരു വിഷയം ഉന്നയിച്ചാല്‍ പോലും അവര്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നു. പാര്‍ട്ടി പാരമ്പര്യമനുസരിച്ച് മുസ്‌ലിം സമുദായത്തിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്റെ പേര് പരിഗണിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു മുസ്‌ലിം വ്യക്തി പോലും ഉള്‍പ്പെട്ടിരുന്നില്ല’, ഷെല്‍വാനി പറഞ്ഞു.

മുസ്‌ലിം സമുദായം നിരന്തരം അവഗണിക്കപ്പെടുന്നുണ്ടെന്നും അവര്‍ക്ക് എസ്.പിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയം എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി മുസ്‌ലിങ്ങളുടെ പിന്തുണയെ വിലകുറച്ച് കാണരുത്. തങ്ങളുടെ ന്യായമായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മതേതര പാര്‍ട്ടികളില്‍ നിന്നും ആരും മുന്നോട്ട് വരുന്നില്ലെന്ന പ്രശ്‌നം അവര്‍ക്കിടയില്‍ വര്‍ധിക്കുന്നുണ്ടെന്നും ഷെര്‍വാനി പറഞ്ഞു. ഇങ്ങനെ വരുമ്പോള്‍ എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യ സഖ്യത്തെ താന്‍ അമിതമായി വിശ്വസിച്ചിട്ടില്ലെന്നും ശക്തമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന് പകരം പരസ്പരം പോരടിക്കാനാണ് പ്രതിപക്ഷത്തിന് കൂടുതല്‍ താത്പര്യമെന്നും ഷെല്‍വാനി കുറ്റപ്പെടുത്തി. എന്നാല്‍ യു.പിയില്‍ എസ്.പിയും കോണ്‍ഗ്രസും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contant Highlight: Even SP has wilted under the Hindutva wave, says party leader

We use cookies to give you the best possible experience. Learn more