ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ മൂല്യങ്ങളെ മഹാത്മാ ഗാന്ധി പോലും അംഗീകരിച്ചിരുന്നെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുവാനുള്ള ക്ഷണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നായിഡുവിന്റെ ഈ പ്രസ്താവന.
“ഭാരതീയ പാരമ്പര്യത്തിലൂന്നിയ മൂല്യബോധവും ലോകത്തെയാകെ ഒരൊറ്റ കുടുംബമായി കാണുന്ന “വസുധൈവകുടുംബകം” എന്ന ആശയവും മുന്നോട്ടുവയ്ക്കുന്ന സംഘപരിവാര്‍ പ്രമാണങ്ങളോട് എതിര്‍പ്പുതോന്നേണ്ട കാരണമെന്താണെന്നറിയില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസേവക സംഘടനയായ ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ നാനാജി ദേശ്മുഖും ദീന്‍ദയാല്‍ ഉപാദ്ധ്യായയും അടക്കമുള്ള നേതാക്കളെ ആകര്‍ഷിച്ചിരുന്നു” നായിഡു പറയുന്നു.
മഹാരാഷ്ട്ര സദനില്‍ ദീന്‍ദയാല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച എട്ടാമത് നാനാജി സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1934ല്‍ മഹാത്മാ ഗാന്ധി ആര്‍.എസ്.എസ് ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് നായിഡു സംഘപരിവാര്‍ ആശയസംഹിതകളെ മഹത്വവല്‍ക്കരിക്കുന്നത്. വിവിധ ജാതിശ്രേണികളില്‍പ്പെട്ടവര്‍ വൈരുദ്ധ്യങ്ങള്‍ മറന്ന് ഒരുമിച്ചു താമസിക്കുകയും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന കാഴ്ച തന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തതായി ഗാന്ധിജി പറഞ്ഞിരുന്നതായി നായിഡു അവകാശപ്പെടുന്നു.
ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്തു നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംബന്ധിക്കാനുളള ക്ഷണം രാഷ്ട്രപതി സ്വീകരിക്കുകയും വിവിധ രാഷ്ട്രീയനേതാക്കള്‍ ഇതിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു.
രാജ്യത്ത് മതേതരത്വം നിലനില്‍ക്കുന്നത് ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയപ്പാര്‍ട്ടിയോ കാരണമല്ല, മറിച്ച് എല്ലാ ഇന്ത്യക്കാരുടെ ഡി.എന്‍.എയിലും അതുള്ളതുകൊണ്ടാണ്. തന്റെ പൊതുജീവിതം ആരംഭിച്ചത് സംഘപ്രവര്‍ത്തനത്തിലൂടെയായിരുന്നു. വ്യക്തിജീവിതത്തില്‍ പാലിക്കേണ്ട സാംസ്‌കാരിക മൂല്യങ്ങളെക്കുറിച്ചും രാജ്യത്തോടുള്ള കടമകളെക്കുറിച്ചും പഠിപ്പിച്ചത് സംഘടനയാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.