കോണ്‍ഗ്രസ് ഭരണത്തില്‍ ഹനുമാന്‍ ചാലീസ കേള്‍ക്കുന്നത് പോലും കുറ്റകരം; വിദ്വേഷം ആവര്‍ത്തിച്ച് നരേന്ദ്രമോദി
national news
കോണ്‍ഗ്രസ് ഭരണത്തില്‍ ഹനുമാന്‍ ചാലീസ കേള്‍ക്കുന്നത് പോലും കുറ്റകരം; വിദ്വേഷം ആവര്‍ത്തിച്ച് നരേന്ദ്രമോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 1:58 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ് ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന പരമാര്‍ശത്തിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദിയുടെ പുതിയ വിദ്വേഷ പരാമര്‍ശം. കോണ്‍ഗ്രസ് ഭരണത്തില്‍ ഹനുമാന്‍ ചാലീസ കേള്‍ക്കുന്നത് പോലും കുറ്റകരമായിരിക്കുമെന്നാണ് ഇന്ന് പ്രധാനമന്ത്രി പറഞ്ഞത്.

രാജസ്ഥാനിലെ ടോങ്കില്‍ വെച്ചുനടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പുതിയ പരമാര്‍ശം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഹനുമാന്‍ ജയന്തി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് നരേന്ദ്രമോദിയുടെ പുതിയ വിദ്വേഷ പ്രസംഗം. കോണ്‍ഗ്രസ് ഭരണത്തില്‍ ഒരാളുടെ വിശ്വാസം പിന്തുടരുന്നത് ദുഷ്‌കരമായിരിക്കുമെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവര്‍ രാജ്യത്തിന്റെ സമ്പത്ത് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഞായറാഴ്ച നടത്തിയ പ്രസംഗത്തെ അദ്ദേഹം ഇന്ന് ന്യായീകരിക്കുകയും ചെയ്തു. തന്റെ പ്രസംഗം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അവര്‍ എല്ലായിടത്തും തന്നെ ആക്രമിക്കുകയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് വോട്ടിന് പ്രീണനം നടത്തുന്നതിനെയാണ് താന്‍ തുറന്ന് കാണിച്ചതെന്നും അതിന്റെ പേരില്‍ ഇന്ത്യമുന്നണിയും കോണ്‍ഗ്രസും തന്നെ അധിക്ഷേപിക്കുകയുമാണെന്നും മോദി പറഞ്ഞു. സമ്പത്തിന്റെ കണക്കെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ എഴുതിയിട്ടുണ്ടെന്നും അവരുടെ നേതാവ് ഇത് പ്രസംഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാനിലെ ബന്‍സാരയില്‍ ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ഇക്കാര്യം മന്‍മോഹന്‍ സിങ്ങ് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ 2006 മന്‍മോഹന്‍ സിങ്ങ് നടത്തിയ ഒരു പ്രസംഗത്തെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കും വിധം വളച്ചൊടിക്കുകയാണുണ്ടായത്. രാജ്യത്തിന്റെ സമ്പത്തിന്റെ വിതരണത്തില്‍ എല്ലാ മുന്‍ഗണന വിഭാഗങ്ങള്‍ക്കും തുല്യ പങ്ക് ഉറപ്പുവരുത്തുമെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് പറഞ്ഞത്.

അതിനെയാണ് മോദി രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞതായി വളച്ചൊടിച്ചത്. വലിയ പ്രതിഷേധമാണ് മോദിയുടെ ഈ പ്രസംഗത്തിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തിയത്. ഒരു ദിവസം കൊണ്ട് തന്നെ മോദിയുടെ ഈ പ്രസംഗത്തിനെതിരെ ആയിരക്കണക്കിന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തിയെങ്കിലും കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. മോദിക്കെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

CONTENT HIGHLIGHTS: Even listening to Hanuman Chalisa is a crime under Congress rule; Narendra Modi repeats hatred