മോദിയുടെ പുതിയ ഇന്ത്യയിൽ കേരളവും സുരക്ഷിതമല്ല: പരകാല പ്രഭാകർ
Kerala News
മോദിയുടെ പുതിയ ഇന്ത്യയിൽ കേരളവും സുരക്ഷിതമല്ല: പരകാല പ്രഭാകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2023, 6:22 pm

കണ്ണൂർ: പൊതുമേഖല നഷ്ടത്തിലാകുമ്പോൾ കോർപ്പറേറ്റുകൾക്ക് വിറ്റുതുലച്ചുകൊണ്ടല്ല അതിനെ പുനരുദ്ധരിപ്പിക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകർ.

നഷ്ടത്തിലാകാനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും സേവ് പബ്ലിക് സെക്ടർ ഫോറം കണ്ണൂർ ജില്ലാ കൺവെൻഷനിൽ ‘വർത്തമാനകാല ഇന്ത്യ, ആവർത്തിക്കുന്ന നുണകൾ, പറയാത്ത സത്യങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പ്രഭാകർ.

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പങ്കാളി കൂടിയാണ് പരകാല പ്രഭാകർ.

സാധാരണക്കാരന് വിലയില്ലെങ്കിലും ബി.ജെ.പി സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള സൗഹൃദത്തിന് വലിയ വിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നീ മുദ്രാവാക്യങ്ങളിൽ നിന്ന് ഷട്ട് അപ്പ് ഇന്ത്യയിലാണ് നാമിപ്പോൾ എത്തിനിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബേട്ടി പഠാവോ ബേട്ടി ബച്ചാവോ പദ്ധതിക്ക് വേണ്ടി മാറ്റിവെച്ച 80 ശതമാനം പണവും ചെലവഴിച്ചത് പരസ്യത്തിനു വേണ്ടി മാത്രമാണെന്നും തങ്ങൾ പീഡിപ്പിക്കപ്പെട്ടതായി ഗുസ്തി താരങ്ങളായ പെൺകുട്ടികൾ പറഞ്ഞപ്പോൾ ഭരണകൂടത്തിലെ ഒരാൾ പോലും ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മയും ഉയർന്ന ജീവിത ചെലവും വളരാത്ത വ്യവസായം മേഖലയുമാണ് പുതിയ ഇന്ത്യയുടെ മുഖമുദ്ര എന്നും സാധാരണക്കാരന് സമ്പാദിക്കാൻ ആകുന്നില്ലെന്നും പരകാല പ്രഭാകർ പറഞ്ഞു. മുതൽമുടക്കാൻ കഴിവുള്ള 2.5 ലക്ഷം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയുടെ പുതിയ ഇന്ത്യയിൽ കേരളം പോലും സുരക്ഷിതമല്ല എന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ ജനങ്ങൾ പോലും സുരക്ഷിതമല്ല. എവിടെയോ എന്തോ സംഭവിക്കുന്നു, അത് തങ്ങളെ ബാധിക്കില്ല എന്നാണ് ഇവിടെയുള്ള ആളുകൾ കരുതുന്നത്. പക്ഷെ ഇവിടെയും നമുക്ക് വൈറസിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും. അക്രമണങ്ങളുടെയും ആൾക്കൂട്ടക്കൊലയുടെയും രൂപത്തിൽ.

കേരളത്തിൽ പത്തോ അമ്പതോ 100 വർഷമോ വൈറസ് കാത്തിരിക്കും. പ്രതിരോധം ദുർബലപ്പെടുകയോ ജനങ്ങൾ ജാഗരൂകരല്ലാതിരിക്കുകയോ ചെയ്താൽ അത് ഉറപ്പായും ആക്രമിക്കും. അതുകൊണ്ട് നിങ്ങൾ സുരക്ഷിതരാണെന്ന് കരുതരുത്,’ പ്രഭാകർ പറഞ്ഞു.

അതേസമയം കേരളത്തിലെ യുവത രാഷ്ട്രീയ അവബോധം ഉള്ളവരാണെന്നും അവർ ഫാസിസം തുടരാൻ അനുവദിക്കുന്നില്ല എന്ന തോന്നൽ തനിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Even Kerala is not safe under Modi’s ‘New India’, says economist Parakala Prabhakar