ഖത്തർ ലോകകപ്പ് ഫുട്ബോൾ ഉത്സവം കൊടിയിറങ്ങി. ഒരു ഇടവേളക്ക് ശേഷം വീണ്ടും ക്ലബ്ബ് ഫുട്ബോൾ ആരവം ആരാധകർക്കിടയിൽ പടർന്നിരിക്കുകയാണ്. യൂറോപ്പിലെ ബിഗ് ഫൈവ് ക്ലബ്ബ് ഫുട്ബോൾ ലീഗുകളടക്കം ഡിസംബർ, ജനുവരി മാസങ്ങളിലായി പുനരാരംഭിക്കും.
അതേസമയം ഇംഗ്ലണ്ടിലെ വിവിധ ലീഗുകളിലെ ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ഇ.എഫ്.എൽ (കരബാവോ) കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിനിടെ തങ്ങളുടെ മുൻ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ചാന്റുമായി മാൻയുണൈറ്റഡ് ആരാധകർ രംഗത്തെത്തി.
യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിന് ബേൺലിയെ തകർത്ത് യുണൈറ്റഡ് ഇ. എഫ്. എൽ കപ്പിന്റെ സെമി ഫൈനലിൽ കടന്നിരുന്നു.
പ്രസ്തുത മത്സരത്തിലാണ് ക്ലബ്ബിനെതിരെ പരാമർശങ്ങൾ നടത്തി ക്ലബ്ബ് വിട്ട്പോയ മുൻ താരം റൊണാൾഡോക്കെതിരെ മാൻയുണൈറ്റഡ് ആരാധകർ ചാന്റുകൾ പാടിയത്.
റൊണാൾഡോയെ റോണി എന്ന് വിളിച്ചായിരുന്നു ആരാധകരുടെ ചാന്റിങ്.
‘ഞാൻ റോണിയെ പറ്റി ചിന്തിക്കുന്നില്ല. റോണി എന്നെ പറ്റിയും ചിന്തിക്കുന്നില്ല. എന്നാൽ ഞാൻ എപ്പോഴും ചിന്തിക്കുന്നത് എന്റെ ക്ലബ്ബിനെ കുറിച്ചാണ്,’ എന്ന അർഥത്തിലുള്ള ചാന്റുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ റോണാൾഡോക്ക് എതിരെ ഉയർത്തിയത്. കൂടാതെ റൊണാൾഡോ പോയാലും ക്ലബിന് ഒന്നും സംഭവിക്കില്ല എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും ആരാധകർ ഉയർത്തി.
എന്നാൽ റോണാൾഡോക്കെതിരെയുള്ള ചാന്റിങ്ങിന്റെ പേരിൽ യുണൈറ്റഡ് ആരാധകർ തന്നെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
യുണൈറ്റഡിന്റെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു റൊണാൾഡോയെന്നും യുണൈറ്റഡിന് അദ്ദേഹം ചാമ്പ്യൻസ് ലീഗ് നേടിതന്നിട്ടുണ്ടെന്നും പറഞ്ഞാണ് ചാന്റിങ് നടത്തിയ യുണൈറ്റഡ് ആരാധകർക്കെതിരെ മറ്റൊരു കൂട്ടം യുണൈറ്റഡ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണോക്കെതിരെ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും മാൻയുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മത പ്രകാരം പിരിയുകയായിരുന്നു.
അതേസമയം റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിൽ കളിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ തുറക്കുന്ന ട്രാൻസ്ഫർ വിൻഡോയിലാണ് താരം സൗദി ക്ലബ്ബിലേക്ക് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights:Even if Ronaldo leaves we dont care Manchester United fans chanting against ronaldo