| Saturday, 8th June 2019, 1:12 pm

രാഹുലിന്റെ രാജി പാര്‍ട്ടി പുനക്രമീകരിച്ചതിന് ശേഷമെ പാടുള്ളൂ; ഉചിതമായ വ്യക്തിയില്‍ സ്ഥാനം ഏല്‍പ്പിക്കണമെന്നും എം. വീരപ്പ മൊയ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ഗാന്ധി തുടരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി. രാഹുലിന് രാജിവെക്കാനാണ് താല്‍പ്പര്യമെങ്കില്‍ അദ്ദേഹം പാര്‍ട്ടിയെ പുനക്രമീകരിച്ചതിന് ശേഷമെ അത് ചെയ്യാവൂവെന്നും വീരപ്പമൊയ്‌ലി എ.എന്‍.ഐയോട് പറഞ്ഞു.

രാഹുല്‍ഗാന്ധിക്ക് അധ്യക്ഷസ്ഥാനം രാജിവെക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹം പാര്‍ട്ടിയെ പുനക്രമീകരിച്ചതിന് ശേഷമെ അത് ചെയ്യാവൂ. രാഹുലിന് ഒറ്റക്ക് അത് ചെയ്യാന്‍ കഴിയും. അത്തരത്തില്‍ നേതൃത്വം വഹിക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. രാജി നിര്‍ബന്ധമാണെങ്കില്‍ ഏറ്റവും ഉചിതമായ വ്യക്തിയില്‍ മാത്രമെ അത് ഏല്‍പ്പിക്കാന്‍ പാടുള്ളുവെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

ജനങ്ങള്‍ അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ അച്ചടക്കം ലംഘിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ പാര്‍ട്ടിക്ക് വിശ്രമാവസ്ഥയില്‍ ഇരിക്കാന്‍ കഴിയില്ലെന്നും വീരപ്പമൊയ്‌ലി പറയുന്നു.

പാര്‍ട്ടി അധ്യക്ഷനായി തുടരുന്ന രാഹുല്‍ഗാന്ധി തന്നെ പാര്‍ട്ടിയെനയിക്കുമെന്നും വീരപ്പമൊയ്‌ലി കൂട്ടി ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ കല്‍പ്പറ്റയിലെ റോഡ് ഷോയ്ക്കിടെ ഉയര്‍ത്തിയത്.

ദേശീയതലത്തില്‍ നമ്മള്‍ പോരാടുന്നത് വിഷത്തിനെതിരെയാണ്. മിസ്റ്റര്‍ നരേന്ദ്രമോദി വിഷം ഉപയോഗിക്കുന്നു. ഞാന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മോദി രാജ്യത്തെ വിഭജിക്കാനായി വിഷം ഉപയോഗിക്കുകയാണ്. അദ്ദേഹം രാജ്യത്തെ വിഭജിക്കാന്‍ രോക്ഷം ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അദ്ദേഹം കള്ളം പറയുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

We use cookies to give you the best possible experience. Learn more