തിരുവനന്തപുരം: തന്റെ അവസാന മത്സരമായിരിക്കും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേത് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തനിക്കെതിരെ മത്സരിക്കുന്നത് എങ്കിൽ പോലും താൻ വിജയിക്കുമെന്നും ശശി തരൂർ എം.പി.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നരേന്ദ്ര മോദി മത്സരിക്കാൻ സാധ്യതകൾ ഉണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് തരൂരിന്റെ പ്രസ്താവന.
ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ദി പീപ്പിൾ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.
‘ഞാൻ വീണ്ടും തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാൻ തയ്യാറാണ്. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കും. ഇത് ലോക്സഭയിലേക്കുള്ള എന്റെ അവസാന മത്സരമായിരിക്കും,’ ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരത്ത് നരേന്ദ്ര മോദി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടല്ലോ എന്ന ചോദ്യത്തിന് എന്നാലും താൻ തന്നെ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘നരേന്ദ്ര മോദി മത്സരിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല. മോദി മത്സരിച്ചാലും ഞാൻ തന്നെ വിജയിക്കും. ഞാൻ എന്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരിക്കുന്നത്. ജനങ്ങൾക്ക് എന്നെ മാറ്റണമെന്ന് തോന്നിയാൽ അതിനുള്ള എല്ലാ അധികാരവുമുണ്ട്. എന്നാൽ അത് എനിക്കെതിരെ ആരാണ് മത്സരിക്കുന്നത് എന്നതിനെ ആശ്രയിച്ചുള്ളതല്ല,’ തരൂർ പറഞ്ഞു.
ഞാൻ ആദ്യമായി മത്സരിച്ചപ്പോൾ തന്റെ ആഗ്രഹം കേന്ദ്ര വിദേശകാര്യ മന്ത്രി ആകണമെന്നായിരുന്നു എന്നും എന്നാൽ അത് സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള നിയമസഭയിൽ മത്സരിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ തന്റെ ശ്രദ്ധ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആണെന്നും അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അത് അപ്പോൾ നോക്കാമെന്നും തരൂർ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിൽ മുൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ അപ്രതീക്ഷിതമായിട്ടായിരുന്നു 2009 ൽ തിരുവനന്തപുരത്തുനിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
അന്ന് മുതൽ തരൂർ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പങ്കാളി സുനന്ദ പുഷ്കർ ദൽഹിയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനെ തുടർന്ന് 2014ൽ മാത്രമാണ് അദ്ദേഹത്തിന് വെല്ലുവിളി ഉണ്ടായത്.
2019ൽ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തരൂർ വിജയിച്ചത്. 2014ൽ ഇത് 15,470ഉം 2009ൽ ഇത് 99,998മായിരുന്നു.
നരേന്ദ്രമോദിക്ക് പുറമെ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ പേരും തിരുവനന്തപുരം മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്.
Content Highlight: Even if Modi is to contest against me, I will win: Shashi Tharoor