| Sunday, 9th July 2023, 10:13 am

1988 മുതല്‍ സംഘത്തിന്റെ ഭാഗമാണ്, പുറത്താക്കിയാലും പാര്‍ട്ടിയെ പറ്റി മോശം പറയില്ല: കൃഷ്ണകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ആദര്‍ശം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും പാര്‍ട്ടിയെപറ്റി മോശം പറയില്ലെന്നും നടനും ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാര്‍. ബി.ജെ.പി വിടേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളും തനിക്കില്ലെന്നും ന്യൂസ് 18 ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി വിടേണ്ട ഒരു സാഹചര്യവും എനിക്കില്ല. 2021ലാണ് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഒരു പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങള്‍ക്കായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവര്‍ പാര്‍ട്ടി വിടും. രണ്ട്, ആവേശംകൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോള്‍ പാര്‍ട്ടി വിടും. മൂന്ന്, ആദര്‍ശംകൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല.

ഞാന്‍ 1988 മുതല്‍ സംഘത്തിന്റെ ഭാഗമാണ്. അന്ന് തൊട്ടേ വിശ്വസിക്കുന്ന ആദര്‍ശമാണ്. ഇനി പാര്‍ട്ടിക്ക് വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയാല്‍ ഞാന്‍ നേരേ വീട്ടിലേക്ക് പോകും. അപ്പോഴും പാര്‍ട്ടിയെ പറ്റി മോശം പറയില്ല. വ്യക്തികളുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ പ്രശ്‌നങ്ങളല്ല. ഇതൊക്കെ കാലങ്ങള്‍കൊണ്ട് മാറിവരും. എനിക്ക് വ്യക്തികളുമായും പ്രശ്‌നങ്ങളില്ല.

ഈ അടുത്ത കാലത്ത് ഒരു പരിപാടിയില്‍ കസേര കിട്ടിയില്ല എന്ന് ഞാന്‍ പരാതിപ്പെട്ടതായി വാര്‍ത്തകളില്‍ കണ്ടു. ഞാന്‍ എവിടെയെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ.

സോഷ്യല്‍ മീഡിയയില്‍ പലതും എഴുതി വരും. അതില്‍ 80 ശതമാനവും ഫേക്കാണ്. തന്തയില്ലാതെ ജനിക്കുന്ന വാര്‍ത്തകളാണ്. അങ്ങനെ വരുന്ന വാര്‍ത്തകള്‍ അന്ധമായി വിശ്വസിക്കാതിരിക്കുക. എനിക്ക് പാര്‍ട്ടി വിട്ട് പോകേണ്ട ഒരു സാഹചര്യവും എന്റെ മുന്നിലില്ല,’ കൃഷ്ണകുമാര്‍ പറഞ്ഞു.

CONTENT HIGHLIGHTS: Even if  expelled,  will not speak ill of the party: Krishnakumar

We use cookies to give you the best possible experience. Learn more