| Thursday, 28th December 2023, 10:56 am

അമേരിക്ക ലോകത്തെ മുഴുവന്‍ അണിനിരത്തിയാലും ഗസയിലെ വംശഹത്യ അവസാനിക്കാത്തിടത്തോളം പിന്നോട്ടില്ല; ഹൂത്തി സൈനിക വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ലോകത്തെ മുഴുവന്‍ തങ്ങള്‍ക്കെതിരെ അണിനിരത്താന്‍ അമേരിക്കക്ക് കഴിഞ്ഞാലും പോരാട്ടത്തില്‍ നിന്നും പിന്മാറില്ലെന്ന് ഹൂത്തി സൈനിക വക്താവ് മുഹമ്മദ് അല്‍ ബുഖൈദി. അമേരിക്കന്‍ കപ്പലുകള്‍ യമനെ ലക്ഷ്യമിട്ടാല്‍ തിരിച്ചടിക്കുമെന്നും അവര്‍ വ്യക്തമാക്കി.

‘അമേരിക്ക ലോകത്തെ മുഴുവന്‍ അണിനിരത്തിയാലും, ഗസയിലെ വംശഹത്യ അവസാനിക്കാത്തിടത്തോളം ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ല. അതിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണ്,’ മുഹമ്മദ് അല്‍ ബുഖൈതി എക്സില്‍ കുറിച്ചു.

ചെങ്കടലില്‍ വെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ കപ്പലിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു.

സൗദി അറേബ്യയിലെ കിങ് അബ്ദുല്ല തുറമുഖത്ത് നിന്നും പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന കപ്പലിന് നേരെ ഹൂത്തികള്‍ ആക്രമം നടത്തിയിരുന്നു. മൂന്ന് മുന്നറിയിപ്പ് കോളുകള്‍ നിരസിച്ചതിന് പിന്നാലെയാണ് കപ്പലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ഹൂത്തി സൈനിക വക്താവായ യഹ്യ സരിയ പറഞ്ഞിരുന്നു. കപ്പല്‍ സുരക്ഷിതമായി യാത്ര തുടരുകയാണെന്നും അമേരിക്ക രൂപീകരിച്ച നാവിക സഖ്യവുമായി അവര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അതേസമയം അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലെബനനിലെ ഹമാസ് പ്രതിനിധി രംഗത്തെത്തിയിരുന്നു. ഗസയിലെ കുട്ടികളുടെ രക്തത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൈകള്‍ നനഞ്ഞിരിക്കുകയാണെന്ന് ഹമാസ് പ്രതിനിധി ഒസാമ ഹംദാന്‍ പറഞ്ഞു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയങ്ങളില്‍ നിന്നും പരാജയത്തിലേക്ക് നീങ്ങുകയാണെന്നും സാധാരണ ജനങ്ങളെ കൊല്ലുന്നതില്‍ മാത്രമാണ് അദ്ദേഹം വിജയിക്കുന്നതെന്നും ഹംദാന്‍ പറഞ്ഞു. ‘നെതന്യാഹുവിനും അദ്ദേഹത്തിന്റെ ക്യാബിനറ്റിനും സൈന്യത്തിനും ലക്ഷ്യമില്ല. നെതന്യാഹുവിന് ഒരു വഴിയേ മുന്നിലുള്ളൂ. പരാജയം സമ്മതിച്ച് തന്റെ വിധിയെ നേരിടുക,’ ബെയ്‌റൂട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹംദാന്‍ പറഞ്ഞു.

ഫലസ്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഗസക്കെതിരായ ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുമാണ് ചെങ്കടലില്‍ ഹൂത്തികള്‍ ആക്രമണം തുടരുന്നത്. ഭക്ഷണവും മരുന്നും ഗാസ മുനമ്പിലേക്ക് കടക്കുന്നതുവരെ ഇസ്രായേല്‍ കപ്പലുകള്‍ക്കോ അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളിലേക്കോ പോകുന്നവരെ ചെങ്കടലില്‍ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരിയ പറഞ്ഞിരുന്നുു.

വടക്കന്‍ യെമനിലെ വിശാലമായ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന ഹൂത്തികള്‍ ഡസന്‍ കണക്കിന് രാജ്യങ്ങളുമായി ബന്ധമുള്ള 15 വാണിജ്യ ഷിപ്പിംഗ് കപ്പലുകളെ ലക്ഷ്യമിട്ട് നൂറിലധികം ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി യു.എസ് അറിയിച്ചിട്ടുണ്ട്.

ഹൂത്തികളുടെ ആക്രമണത്തില്‍ നിന്ന് വാണിജ്യ കപ്പലുകളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ യു.എസ് ഒരു സുരക്ഷാ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, നേര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ സഖ്യത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ എന്നീ നാറ്റോ രാജ്യങ്ങള്‍ സഖ്യത്തില്‍ നിന്നും ഒഴിവായിരുന്നു. സഖ്യത്തിലേക്കില്ലെന്നും കാനഡയും ഓസ്‌ട്രേലിയയും നേരത്തെ അറിയിച്ചിരുന്നു.

യു.എസ് സുരക്ഷാസഖ്യം പ്രഖ്യാപിച്ചതിന് ശേഷവും ചെങ്കടലില്‍ ഇസ്രഈല്‍ കപ്പലുകള്‍ക്കും ഇസ്രഈല്‍ തുറമുഖത്തേക്ക് എത്തുന്ന കപ്പലുകള്‍ക്ക് നേരേയും ഹൂത്തികള്‍ ആക്രമണം തുടരുന്നുണ്ട്.

Content Highlight: Even if America mobilizes the whole world, it will not back down, says Houthi military spokesman

We use cookies to give you the best possible experience. Learn more