| Thursday, 24th December 2020, 6:51 pm

രാഹുല്‍ പറയുന്നത് കോണ്‍ഗ്രസ് പോലും കാര്യമായെടുക്കാറില്ല; ഇത്ര ആവലാതിയെങ്കില്‍ കര്‍ഷകര്‍ക്കായി എന്തെങ്കിലും ചെയ്തുകൂടായിരുന്നോവെന്ന് തോമര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. യു.പിയിലെ ഭാഗ്പട്ടിലെ കര്‍ഷക സംഘടനകള്‍ കര്‍ഷക നിയമത്തിന് അനുകൂലമായി മന്ത്രിയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

‘കേന്ദ്രം പാസാക്കിയ കര്‍ഷകനിയമങ്ങളെ പിന്തുണച്ച് ഭാഗ്പട്ടിലെ കര്‍ഷകര്‍ കത്ത് നല്‍കിയിരിക്കുകയാണ്. എത്ര തന്നെ സമ്മര്‍ദ്ദമുണ്ടായാലും കര്‍ഷക നിയമങ്ങള്‍ പാസാക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്’, തോമര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു രാഹുലിനെതിരെ തോമര്‍ രൂക്ഷവിമര്‍ശനം നടത്തിയത്.

‘രാഹുല്‍ പറയുന്നത് കോണ്‍ഗ്രസ് പോലും കാര്യമായി എടുക്കാറില്ല. ഇന്ന് കര്‍ഷകരുടെ ഒപ്പ് ശേഖരിച്ചാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പറയുന്നത്. എന്നാല്‍ ഒരു കോണ്‍ഗ്രസുകാരും ഈ ആവശ്യവുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്’, തോമര്‍ പറഞ്ഞു.

കര്‍ഷകരെ പറ്റി ഇത്രയധികം ആവലാതി രാഹുലിനുണ്ടെങ്കില്‍ അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ നേരത്തെ തന്റെ പാര്‍ട്ടി നേതൃത്വത്തെ ഉപദേശിക്കണമായിരുന്നുവെന്നും തോമര്‍ പറഞ്ഞു.

അതേസമയം രാഷ്ട്രപതി ഭവനിലേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന് രാവിലെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് കസറ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ഗാന്ധി കാര്‍ഷിക നിയമങ്ങള്‍ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്നും ഇത്തരമൊരു നിയമം ഉണ്ടാക്കിയിരിക്കുന്നത് നാലോ അഞ്ചോ ബിസിനസുകാര്‍ക്ക് വേണ്ടിയാണെന്നും പറഞ്ഞു.

‘പ്രധാനമന്ത്രി ഒരു കഴിവില്ലാത്ത മനുഷ്യനാണ്, ഒന്നും അറിയാത്ത ആളാണ്. അക്കാര്യം ഈ രാജ്യത്തെ യുവാക്കളും ജനങ്ങളും അറിഞ്ഞിരിക്കണം. മുതലാളിമാരെ മാത്രം ശ്രദ്ധിക്കുന്ന, അവര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന, അവര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് അദ്ദേഹം’, രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Narendra Singh Tomar Slams Rahul Gandhi

We use cookies to give you the best possible experience. Learn more