കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും മാറ്റി നിര്‍ത്തിയിട്ടുണ്ട്: ബിന്ദു അമ്മിണി
Kerala News
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും മാറ്റി നിര്‍ത്തിയിട്ടുണ്ട്: ബിന്ദു അമ്മിണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 2:23 pm

തിരുവനന്തപുരം: താന്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാനം സ്വീകരിക്കുന്ന സമീപനത്തോടുള്ള പ്രതിഷേധമായാണ് കേരളം വിട്ട് പോയതെന്ന് ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബിന്ദു അമ്മിണി. കേരളത്തില്‍ തന്നെയാരും പിന്തുണക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മാറ്റി നിര്‍ത്തിയെന്നും അവര്‍ പറഞ്ഞു.

വിശ്വാസി സമൂഹത്തിന്റെ ശത്രുവായ ബിന്ദു അമ്മിണിയെ പിന്തുണക്കുന്നതിലൂടെ വോട്ടു നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്ന കുറെ അധികം ആളുകളെ കണ്ടു മടുത്തെന്നും അവര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇത് ഞാന്‍ ആലോചിച്ച് ഉറപ്പിച്ച് എടുത്ത തീരുമാനമാണ്. ഞാന്‍ നേരിടുന്ന പ്രശ്നങ്ങളോട് സ്റ്റേറ്റ് സ്വീകരിക്കുന്ന സമീപനത്തോടുള്ള എന്റെയൊരു പ്രതിഷേധമാണിത്. കേരളത്തില്‍ ലിബറല്‍ സ്പേസില്‍ ജീവിക്കുന്നവരെങ്കിലും മാനസികമായി എന്നെ പിന്തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ പിന്തുണയില്ലെന്നുമാത്രമല്ല, ഒരുതരം ബഹിഷ്‌കരണമാണ് പല ഭാഗങ്ങളില്‍നിന്നും ഉണ്ടായത്. എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. ലിബറല്‍ സ്‌പേസില്‍ ഉള്ള ഒരുപാട് പേര് പല സംഭവങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ എന്നെ പിന്തുണച്ച് എഴുതിയിട്ടുണ്ട്. അടുത്ത ചില സുഹൃത്തുക്കള്‍ ഒപ്പം ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എങ്കിലും പ്രമുഖരായ ചില ലിബറല്‍ നേതൃത്വങ്ങള്‍ ശരിക്കും ഒറ്റപ്പെടുത്തിയിട്ടുണ്ട്.

എന്തിന് പറയുന്നു, കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടയില്‍നിന്ന് പോലും അസ്പൃശ്യതയോടെ എന്നെ മാറ്റിനിര്‍ത്തുന്ന അനുഭവമാണുണ്ടായത്. അതിനോടൊക്കെ ഒറ്റയാള്‍ പോരാട്ടം നടത്തി ആ ബഹിഷ്‌കരണത്തെ മറികടക്കുക എന്നതിലേക്ക് എന്റെ ഊര്‍ജം ചെലവഴിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

അതായത് വിശ്വാസി സമൂഹത്തിന്റെ ശത്രുവായ ബിന്ദു അമ്മിണിയെ പിന്തുണക്കുന്നതിലൂടെ വോട്ടു നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്ന കുറെ അധികം ആളുകളെ കണ്ടു മടുത്തു. സ്വകാര്യമായി പിന്തുണക്കുന്നു എന്ന് പ്രകടിപ്പിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്നവരോട് പുച്ഛമേ തോന്നുന്നുള്ളൂ,’ അവര്‍ പറഞ്ഞു.

ശബരിമലയിലേക്ക് പോകുന്നതിന് മുമ്പും സി.പി.ഐ.എം തന്റെ കൈ പിടിച്ചിട്ടില്ലെന്നും ബിന്ദു പറഞ്ഞു. ശബരിമലയില്‍ പോയി വന്നശേഷം അവരുമായി ബന്ധമുള്ള ഒരു വേദിയിലേക്കും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ആരെങ്കിലും അബദ്ധത്തില്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ പോലും ആ പരിപാടി മാറ്റിവെറ്റിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘കോഴിക്കോട് ബീച്ചില്‍ എനിക്കെതിരായ ആക്രമണമുണ്ടായപ്പോള്‍ മാത്രമാണ് അതിനോട് പ്രതിഷേധമറിയിച്ച് ചില വര്‍ഗബഹുജന സംഘടനകള്‍ രംഗത്ത് വന്നത്. അല്ലാതെ ഒരു ഘട്ടത്തില്‍പോലും ആരുമുണ്ടായിട്ടില്ല. എന്റേതെന്ന് പറഞ്ഞ് ഒരു അശ്ലീലവീഡിയോ പ്രചരിപ്പിച്ചിരുന്ന ഘട്ടത്തില്‍പോലും അതിനെതിരായി ഇവരെന്തെങ്കിലും ചെയ്തതായി കണ്ടിട്ടില്ല. പ്രതിയെ കണ്ടുപിടിക്കാത്തത് പോകട്ടെ, അത് എന്റേതല്ലെന്ന് പറയാനുള്ള റിപ്പോര്‍ട്ട് പോലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എനിക്കേറ്റവുമധികം മാനസികപ്രശ്‌നമുണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്,’ ബിന്ദു അമ്മിണി പറയുന്നു.

താന്‍ താമസിക്കുന്ന പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പോലും തന്നോട് ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും ആ പ്രദേശത്തെ മനുഷ്യര്‍ക്കിടയില്‍ നിന്ന് തനിക്ക് യാതൊരു ആക്രമണവും നേരിടേണ്ടി വന്നിട്ടുമില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് ലഭിച്ച പൊലീസ് സംരക്ഷണത്തെക്കുറിച്ചും അവര്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചു.

‘കേരളത്തില്‍ കിട്ടുന്ന പൊലീസ് സംരക്ഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? അതിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ആദ്യം എന്റെ കൂടെയുണ്ടായിരുന്നത് വനിതാ പൊലീസായിരുന്നു. പക്ഷേ ഞാനൊരു സ്ത്രീയായതിനാലും സ്ത്രീപക്ഷ നിലപാടുള്ളയാളായതിനാലും അവര്‍ വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് കഷ്ടപ്പെട്ടാണ് പാവങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത്. ഇവിടെ വന്നിട്ട് 24 മണിക്കൂര്‍ കാവല്‍ നില്‍ക്കണം. കൊച്ചുകുഞ്ഞുങ്ങളുള്ളവരെ അടക്കം ഡ്യൂട്ടിക്ക് വിടുന്നുണ്ട്. അതൊക്കെ കഷ്ടമല്ലേ എന്ന് തോന്നിയപ്പോള്‍ സ്ത്രീകള്‍ വേണ്ടെന്ന് ഞാന്‍ അറിയിക്കുകയായിരുന്നു. അതിനു ശേഷം രണ്ട് പുരുഷന്‍മാരാണ് വന്നത്. നല്ല മനുഷ്യരായിരുന്നു,’ ബിന്ദു അമ്മിണി പറഞ്ഞു. രണ്ട് മാസങ്ങള്‍ക്കാണ് മുമ്പാണ് ബിന്ദു അമ്മിണി കേരളം വിട്ട് ദല്‍ഹിയിലേക്ക് താമസം മാറിയത്.

content highlights: Even communists have been sidelined in Kerala: Bindu Ammini