|

ക്ലിയോപാട്രവരെ കഴുതപ്പാലില്‍ കുളിച്ചു, പിന്നെയാണോ ഞാന്‍; കഴുതപ്പാല്‍ സൂപ്പര്‍ ടോണിക്കെന്ന് ബാബ രാംദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദങ്ങളിലൂടെയും യോഗാഭ്യസങ്ങളിലൂടെയും പതഞ്ജലിയുടെ പരസ്യങ്ങളിലൂടെയും ഇന്ത്യന്‍ ടെലിവിഷന്‍ സ്‌ക്രീനുകളിലെ നിറസാന്നിധ്യമാണ് ബാബാ രാംദേവ്.

പതഞ്ജലിയുടെ ചില ഉത്പ്പന്നങ്ങള്‍ കൊവിടിനെ തടയും, ശുദ്ധ വെജിറ്റേറിയന്‍ എന്ന പേരില്‍ പുറത്തിറക്കിയ ഡെന്റല്‍ കെയര്‍ ഉത്പ്പന്നമായ ദിവ്യ മഞ്ജനില്‍ മത്സ്യക്കൊഴുപ്പ് കണ്ടെത്തിയതുമെല്ലാം അദ്ദേഹം ഉള്‍പ്പെട്ട വിവാദങ്ങളില്‍ ചിലത് മാത്രമായിരുന്നു.

ഇപ്പോഴിതാ കഴുതപ്പാലിന്റെ മേന്മകളുമായാണ് ബാബാ രാംദേവ് രംഗത്തെത്തിയിരിക്കുന്നത്. കഴുതയെ സ്വന്തമായി കറന്ന് അത് രുചിച്ച് നോക്കിയതിന് ശേഷമാണ് രാംദേവ് കഴുതപ്പാലിനെ പുകഴ്ത്തുന്നത്.

താന്‍ ആദ്യമായാണ് കഴുതപ്പാല്‍ കുടിക്കുന്നതെന്നും താന്‍ ഇതിന് മുമ്പ് ഒട്ടകം, പശു, ചെമ്മരിയാട്, ആട് എന്നിവയുടെ പാല്‍ കുടിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതാദ്യമായിട്ടാണന്നും ബാബാ രാംദേവ് പറയുന്നു. നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നതിലുപരി സൗന്ദര്യം വര്‍ധിപ്പിക്കാനും കഴുതപ്പാല്‍ ബെസ്റ്റ് ആണെന്നാണ് ബാബ രാംദേവ് പറയുന്നത്.

പശുവിന്‍ പാലിനോട് അലര്‍ജിയുള്ളവര്‍ക്ക് കഴുതപ്പാല്‍ ഉപയോഗിക്കാം എന്നും അദ്ദേഹം പറയുന്നു. കഴുതപ്പാല്‍ ഒരു സൂപ്പര് ടോണിക് എന്നതിലുപരി ഒരു സൂപ്പര്‍ കോസ്‌മെറ്റിക് ആണെന്നും ബാബാം രാംദേവ് പറയുന്നുണ്ട്. അല്‍പ്പം കൂടി കടന്ന് ക്ലിയോപാട്ര പോലും കഴുതപ്പാലിന്റെ മേന്മകള്‍ വര്‍ണിച്ചതായും അതാണ് അവരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും രാംദേവ് അഭിപ്രായപ്പെടുന്നുണ്ട്. വീഡിയോയില്‍ ഉടനീളം സംസാരിക്കുന്നതിനിടയില്‍ രാം ദേവ് കഴുതപ്പാല്‍ കുടിക്കുന്നുമുണ്ട്.

ബി.സി 51 മുതല്‍ ബി.സി 30 വരെ ഈജിപ്ത്‌ ഭരിച്ചിരുന്ന രാജ്ഞിയായ ക്ലിയോപാട്ര അവരുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്ന കഥകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ പശുവിന്‍പാലിന്റെയോ ആട്ടിന്‍പാലിന്റെയോ അത്ര ഉപയോഗിക്കപ്പെടുന്ന പാല്‍ അല്ല എരുമപ്പാല്‍. ഇതിന് മറ്റ് പാലുകളെ അപേക്ഷിച്ച് വില കൂടുതലാണ് എന്നതും ഒരു കാരണമാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ലിറ്ററിന് 5,000 മുതല്‍ 7,000 രൂപ വരെ വിലയുണ്ട് ഇതിന്. അതേസമയം കഴുതപ്പാലിന് ഗുണങ്ങള്‍ ഉണ്ട് എന്ന് പറയുന്നുണ്ടെങ്കിലും, ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ഇത് കഴിക്കാവൂ എന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

Content Highlight: Even Cleopatra used donkey milk, it’s good for getting more beautiful says Baba Ramdev