കോഴിക്കോട്: മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമര്‍ശനവുമായി നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ്.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതിന് ശേഷവും ഭൂമി വഖഫല്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവിന്റെ വിഭ്രാന്തി സംശയാസ്പദമെന്നാണ് അബ്ദുല്‍ അസീസ് പറഞ്ഞത്.
‘സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ, പറവൂര്‍ സബ് കോടതി, കേരള ഹൈക്കോടതി തുടങ്ങി പണ്ഡിതന്‍മാരും നീതി പീഡവുമുള്‍പ്പടെ മുഴുവന്‍ സംവിധാനങ്ങളേയുമാണ് ഭരണഘടനാ പദവിയിലിരിക്കുന്ന പ്രതിപക്ഷ നേതാവ് കള്ളം പറയുന്നവര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്’ എന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.
ബിനാമികളെ മുന്‍ നിര്‍ത്തി മുനമ്പം വഖഫ് ഭൂമിയില്‍ വി.ഡി. സതീശന്‍ നടത്തുന്ന സ്ഥാപനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുനമ്പം സമര വേദിയിലെത്തിയിരുന്നു.
തുടര്‍ന്ന്, വര്‍ഷങ്ങളായി ആളുകള്‍ താമസിക്കുന്ന ഭൂമിയാണ് മുനമ്പത്തേത്. ആളുകള്‍ താമസിക്കുന്ന ഭൂമി വഖഫായി നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ ഭൂമി വഖഫല്ല എന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
വഖഫായി നല്‍കുന്ന ഭൂമിയ്ക്ക് മേല്‍ നിബന്ധനകള്‍ വെക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ഫാറൂഖ് കോളേജും സ്ഥാപനത്തിന് ഭൂമി നല്‍കിയ വ്യക്തിയും തമ്മിലുള്ള കരാറില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അല്ലാതെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഈ ഭൂമി തിരിച്ചുനല്‍കണമെന്ന് പറയുന്നുണ്ട്.
വഖഫായി പ്രഖ്യാപിക്കുന്ന ഭൂമി എപ്പോഴും വഖഫാണെന്നും അതിന്റെ മീതെ നിബന്ധനകള്‍ വെക്കാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ അബ്ദുല്‍ അസീസ് രംഗത്തെത്തിയത്.
Content Highlight: Even after judicial commission comes into being, opposition leader’s derangement is questionable: National League talk about munambam