| Friday, 25th November 2022, 2:06 pm

സ്വാതന്ത്ര്യത്തിന് ശേഷവും കൊളോണിയല്‍ ഗൂഢാലോചനയാല്‍ എഴുതപ്പെട്ട ചരിത്രമാണ് നമ്മെ പഠിപ്പിക്കുന്നത്: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചിട്ടും നമ്മള്‍ കൊളോണിയല്‍ കാലത്തെ ഗൂഢാലോചനയുടെ ഫലമായി എഴുതപ്പെട്ട ചരിത്രമാണ് പഠിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുഗള്‍ സാമ്രാജ്യത്തിനെതിരെ പടനയിച്ച ലച്ചിത് ബര്‍ഫുകന്റെ 400ാം ജന്മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അസം സര്‍ക്കാര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച ത്രിദിന പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ എല്ലാ കോണുകളിലും ധീരരായ സ്ത്രീ-പുരുഷ യോദ്ധാക്കള്‍ അടിച്ചമര്‍ത്തലിനെതിരെ പോരാടി. എന്നിരുന്നാലും, ചരിത്രത്തില്‍ ഈ പോരാട്ടങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലച്ചിത് ബര്‍ഫുകന്റെ വീര്യം പ്രധാനമല്ലേ? മുഗുളന്‍മാര്‍ക്കെതിരെ പോരാടിയ അസമിലെ ആയിരക്കണക്കിന് പോരാളികളുടെ ത്യാഗം പ്രധാനമല്ലേ?,’ നരേന്ദ്ര മോദി ചോദിച്ചു.

ചരിത്രകാരന്‍മാരോട് ലച്ചിത് ബര്‍ഫുകന്‍, ഛത്രപതി ശിവജി, ഗുരു ഗേവിന്ദ് സിങ്, ദുര്‍ഗാദാസ് റാത്തോഡ് തുടങ്ങിയ നേതാക്കളുടെ ചരിത്രം ഉയര്‍ത്തിക്കാണിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ആഹ്വാനം ചെയ്തു.

‘ചരിത്രകാരന്‍മാരോട് ഒരപേക്ഷയാണ് ഇന്ത്യ ഔറംഗസീബിന്റെയോ ഹുമയൂണിന്റെയോ മാത്രം കഥയല്ല. ലച്ചിത് ബര്‍ഫുകന്‍, ഛത്രപതി ശിവജി, ഗുരു ഗേവിന്ദ് സിങ്, ദുര്‍ഗാദാസ് റാത്തോഡ് എന്നിവരുടേതാണ് ഇന്ത്യ. അതിനെ വെളിച്ചത്ത് കൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കണം. അത് ഇന്ത്യയെ വിശ്വഗുരുവാക്കാന്‍ ഉപകരിക്കും,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

കഴിഞ്ഞ ദിവസം ലച്ചിത് ബര്‍ഫുകന്റെ ജന്മ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തിയെഴുതാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചരിത്രകാരന്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

താനൊരു ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. നമ്മുടെ ചരിത്രം വളച്ചൊടിക്കപ്പെട്ടു. വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും മുന്നോട്ട് വന്ന് ഗവേഷണം നടത്തി ചരിത്രം തിരുത്തിയെഴുതണം. അങ്ങനെയാണ് ഭാവി തലമുറകള്‍ക്ക് പ്രചോദനമാകേണ്ടതെന്നും അമിത്ഷാ പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി ചരിത്ര കോഴ്സുകള്‍ പുനര്‍പരിശോധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വിടവ് നികത്തിയതായും, സര്‍ക്കാരിന്റെ ശ്രമഫലമായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതായും അമിത് ഷാ അവകാശപ്പെട്ടു.

അമിത് ഷായുടെ വാക്കുകള്‍:

‘ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. നമ്മുടെ ചരിത്രം ശരിയായല്ല അവതരിപ്പിക്കപ്പെട്ടതെന്നും, വളച്ചൊടിച്ചതാണെന്നും ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് ചെലപ്പോള്‍ ശരിയായിരിക്കാം. പക്ഷേ, നമുക്ക് അതെല്ലാം ശരിയാക്കേണ്ടതുണ്ട്.

ചരിത്രം ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ആരാണ് നിങ്ങളെ തടയുന്നത്? ഇവിടെ ഇരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരും ചരിത്രം തെറ്റാണെന്ന ആഖ്യാനം തിരുത്താനായി, 150 വര്‍ഷത്തില്‍ കൂടുതല്‍ ഭരിച്ച 30 രാജവംശങ്ങളെയും സ്വാതന്ത്ര്യത്തിനായി പോരാടിയ 300 പ്രമുഖ വ്യക്തികളെക്കുറിച്ചും ഗവേഷണം ചെയ്യണം.’

Content Highlight: Even after Independence, we are taught history written as conspiracy during colonial era: PM Narendra Modi

We use cookies to give you the best possible experience. Learn more