| Saturday, 20th February 2016, 11:44 am

നാലു വര്‍ഷം കഴിഞ്ഞിട്ടും സുകുമാര്‍ അഴീക്കോടിന്റെ മരണാനന്തര കര്‍മങ്ങള്‍ ബാക്കിയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: നാലു വര്‍ഷം കഴിഞ്ഞിട്ടും സുകുമാര്‍ അഴീക്കോടിന്റെ മരണാനന്തര കര്‍മം ബാക്കിയാവുന്നു. അഴീക്കോടിന്റെ ചിതാഭസ്മത്തിന്റെ അവശിഷ്ടം ഇനിയും നിമജ്ജനം ചെയ്യപ്പെട്ടിട്ടില്ല. അന്തരിച്ചിട്ട് 4വര്‍ഷത്തിനു ശേഷവും അഴീക്കോടിന്റെ വീട്ടിലെ അലമാരയില്‍ തന്നെയാണ് ചിതാഭസ്മത്തിന്റെ അവശിഷ്ടം ഉള്ളത്.

2012 ജനുവരി 24നായിരുന്നു അഴീക്കോടിന്റെ മരണം. പിറ്റേദിവസം പയ്യാമ്പലത്തായിരുന്നു സംസ്‌കാരം. തുടര്‍ന്ന് ചിതാഭസ്മത്തിന്റെ ഭൂരിഭാഗവും പയ്യാമ്പലത്ത് കടലിലൊഴുക്കി. പക്ഷേ, കുറച്ചുഭാഗം എരവിമംഗലത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് തൃശ്ശൂരിലെ പൂച്ചട്ടിയില്‍ എം.പി വിന്‍സെന്റ് എം.എല്‍.എ ചിതാഭസ്മത്തിന്റെ ഭാഗങ്ങള്‍ ഏറ്റുവാങ്ങുകയും അഴീക്കോടിന്റെ സഹായിയായിരുന്ന സുരേഷ് ബാബുവിനെ ഏല്‍പിക്കുകയുമായിരുന്നു. ഗംഗയില്‍ നിമജ്ജനം ചെയ്യുക എന്നതായിരുന്നു സുരേഷ് ബാബുവിന്റെ ലക്ഷ്യം. പക്ഷേ, ചിതാഭസ്മം താല്കാലികമായി അഴീക്കോടിന്റെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

തുടര്ന്ന് സാഹിത്യ അക്കാദമി അഴീക്കോടിന്റെ വീട് ഏറ്റെടുത്തപ്പോള്‍ ചിതാഭസ്മവും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയും ഉള്‍പ്പെടുകയായിരുന്നു. വീട്ടിലെ അലമാരയില്‍ പട്ടില്‍ പൊതിഞ്ഞ കുടത്തിലാണ് ചിതാഭസ്മം സൂക്ഷിച്ചിട്ടുള്ളത്. പക്ഷേ, ഇനി ഇത് നിമജ്ജനം ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി കൂടിയേ തീരൂ. വിശ്വാസമനുസരിച്ച് ചിതാഭസ്മം ഇത്രയും കാലം സൂക്ഷിക്കുകയോ പ്രദര്‍ശനത്തിന് വെക്കുകയോ ചെയ്യരുത് എന്നാണ്.

We use cookies to give you the best possible experience. Learn more