| Tuesday, 7th November 2017, 2:44 pm

നൂറ് നായകള്‍ ഒരുമിച്ച് നിന്നാലും ഒരു സിംഹത്തെ തോല്‍പ്പിക്കാനാവില്ല; ഗുജറാത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന് ഹരിയാന മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ ആരൊക്കെയുമായി സഖ്യമുണ്ടാക്കിയാലും അടുത്തമാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ വിജയിച്ചിരിക്കുമെന്ന് ഹരിയാന മന്ത്രി അനില്‍ വിജ്.

രാജ്യത്ത് മോദി തരംഗം തുടരും. സംസ്ഥാനത്ത് ബി.ജെ.പി തന്നെ ഭരണം തുടരും. 100 നായകള്‍ ഒരുമിച്ച് നിന്നാലും ഒരു സിംഹത്തെ തോല്‍പ്പിക്കാനാവില്ല. എന്തൊക്കെ സംഭവിച്ചാലും ഗുജറാത്തില്‍ ബി.ജെ.പി വിജയിച്ചിരിക്കും. ഗുജറാത്തില്‍ കാവി പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്നും അനില്‍വിജ് പ്രസ്താവനയില്‍ പറയുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ സഖ്യം ചേര്‍ന്ന കോണ്‍ഗ്രസ്-പട്ടീദാര്‍ നേതാക്കള്‍ക്കെതിരെയായിരുന്നു അനില്‍വിജിന്റെ പ്രസ്താവന.


Dont Miss ഹാദിയയ്ക്ക് നീതി നിഷേധം; മഹാരാജാസ് കോളേജില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം


മോദിയെ തുഗ്ലക്കുമായി ഉപമിച്ച കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയ്‌ക്കെതിരെയും അനില്‍വിജ് രംഗത്തെത്തി. സുര്‍ജേവാല പഠിച്ചകള്ളനാണെന്നായിരുന്നു അനില്‍വിജിന്റെ പ്രസ്താവന. ബി.ജെ.പിക്കെതിരെ നിരന്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അതുവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് എന്നായിരുന്നു അനില്‍ വിജിന്റെ പരാമര്‍ശം.

വികസനത്തിന്റെ ചിഹ്നമായാണ് നരേന്ദ്രമോദിയെ അറിയപ്പെടുന്നത്. മോദിയുടെ പേരിലാണ് ലോകത്ത് ഇന്ന് ഇന്ത്യ അറിയപ്പെടുന്നതുപോലും- അനില്‍ വിജ് പറയുന്നു.

1995 മുതല്‍ ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ പട്ടേല്‍ സമുദായവുമായി കൈകോര്‍ത്ത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അത് നടക്കില്ലെന്നും അനില്‍ വിജ് പറഞ്ഞു.

ഗുജറാത്തില്‍ നിന്നും ബി.ജെ.പിയെ താഴെയിറക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കിയിരുന്നു. പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലും പിന്നാക്ക സമുദായ നേതാവ് അല്‍പേഷ് താക്കൂറും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more