ദിസ്പുര്‍: അസമിലെ സോനിത്പൂരില്‍ രണ്ടാം ദിവസവും ഭൂമി ഒഴിപ്പിക്കല്‍ നടപടി തുടരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും, ബുള്‍ഡോസറും അടങ്ങുന്ന വന്‍ സന്നാഹങ്ങള്‍ ചേര്‍ന്നാണ് ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
ഈ കുടിയൊഴിപ്പിക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബംഗാളി മുസ്‌ലിങ്ങളെയാണെന്നും. നോട്ടീസ് കിട്ടിയ പ്രകാരം അവരില്‍ പലരും വീട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോയെന്നും പ്രദേശവാസികള്‍ പി.ടി.ഐയോട് പറഞ്ഞു.
ഫെബ്രുവരി 20 മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന നോട്ടീസ് തന്നിരുന്നെന്നും എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ ചൊവ്വാഴ്ച പെട്ടെന്ന് വന്ന് കുടിയൊഴിപ്പിക്കുകയായിരുന്നുവെന്നും ഗ്രാമവാസിയായ ഫിറോസ ബീഗം പറഞ്ഞു.
2006ലെ വനനിയമം അനുസരിച്ച് താമസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടെന്ന് പ്രതിപക്ഷവും കൂട്ടിച്ചേര്‍ത്തു.
വനഭൂമിയിലും റവന്യൂ ഭൂമിയിലുമായി വര്‍ഷങ്ങളോളം അനധികൃതമായി താമസിക്കുന്ന 12000 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന് സോനിത്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേബ കുമാര്‍ മിശ്ര പറഞ്ഞു. 1892 ഹെക്ടര്‍ ഭൂമിയിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. ഇതില്‍ 1401 ഹെക്ടര്‍ ഭൂമി വന്യജീവി സങ്കേതത്തിന് കീഴിലുള്ള സ്ഥലങ്ങളാണന്നും ബാക്കിയുള്ളത് സര്‍ക്കാര്‍ ഭൂമിയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ 299 കുടുംബങ്ങള്‍ ഭവനരഹിതരായി.