| Thursday, 11th January 2024, 10:38 pm

അന്താരാഷ്ട്ര സംഗീത മത്സരത്തിൽ നിന്ന് ഇസ്രഈലിനെ വിലക്കണം; ഇല്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്ന് ഫിൻലാൻഡും ഐസ്‌ലാൻഡും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹെൽസിങ്കി: അന്താരാഷ്ട്ര സംഗീത മത്സരമായ യൂറോവിഷനിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രഈലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി ഫിൻലാൻഡ് മ്യൂസിക് ഇൻഡസ്ട്രിയിലെ 1,400 കലാകാരന്മാർ.

ഗസയിലെ ഇസ്രഈൽ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സയണിസ്റ്റ് ഭരണകൂടത്തെ വിലക്കണമെന്ന് ഫിന്നിഷ് സംഗീത കലാകാരന്മാർ യൂറോവിഷൻ അധികൃതർക്ക് കത്തെഴുതിയത്.

‘ഇസ്രഈൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാൻ ഇസ്രഈൽ യൂറോവിഷനിൽ പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,’ പരാതി നൽകാൻ നേതൃത്വം നൽകിയ ലൂകാസ് കോർപെലൈനെൻ പറഞ്ഞു.

മിക്ക യൂറോപ്യൻ രാജ്യങ്ങളും പങ്കെടുക്കുന്ന അന്താരാഷ്ട്രതലത്തിലുള്ള വാർഷിക സംഗീത മത്സരമാണ് യൂറോ വിഷൻ. ലൈവ് ടെലിവിഷൻ ബ്രോഡ്കാസ്റ്റിൽ അവതരിപ്പിക്കാനുള്ള ഗാനങ്ങൾ രാജ്യങ്ങൾ സമർപ്പിക്കും.

മത്സരിക്കുന്ന രാജ്യങ്ങളും പ്രേക്ഷകരും വോട്ടിങ് നടത്തിയാണ് വിജയിയെ തെരഞ്ഞെടുക്കുക.

2018ൽ മത്സരത്തിൽ വിജയിച്ച ഇസ്രഈൽ 1973 മുതൽ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, മത്സരത്തിന്റെ സംഘാടകരായ യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂണിയൻ (ഇ.ബി.യു) ഇസ്രഈൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്രഈലിനെ വിലക്കിയിട്ടില്ലെങ്കിൽ മത്സരം ബഹിഷ്കരിക്കുമെന്നാണ് കലാകാരന്മാർ പറയുന്നത്. ഫിന്നിഷ് ടെലിവിഷൻ കമ്പനിയായ യ്ലെ സംഘാടകരിൽ സമ്മർദം ചെലുത്തണമെന്നാണ് അവരുടെ ആവശ്യം.

ഡിസംബറിൽ ഐസ്‌ലാൻഡിൽ നിന്നുള്ള കലാകാരന്മാരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇസ്രഈൽ പങ്കെടുത്താൽ തങ്ങൾ ബഹിഷ്കരിക്കും എന്നാണ് ഐസ്‌ലാൻഡും പറയുന്നത്.

2022ൽ റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോൾ റഷ്യയെ മത്സരത്തിൽ നിന്ന് വിലക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യ്ലെ ആയിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.

Content Highlight: Eurovision: Finnish, Iceland artists call for Israel to be banned from contest

We use cookies to give you the best possible experience. Learn more