ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര നിമങ്ങള്‍ അനുസരിച്ച് കേസ് തീര്‍പ്പാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
കടല്‍ക്കൊലക്കേസില്‍ ഇന്ത്യ അനാവശ്യമായി വാശിപിടിക്കരുതെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു. “രണ്ട് ഇന്ത്യക്കാരെ കൊലപ്പെടുത്തി എന്ന കേസിലെ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് ഇന്ത്യയും ഇറ്റലിയും ചേര്‍ന്ന് ചര്‍ച്ച ചയ്ത് തീരുമാനിക്കണം.” യൂണിയന്‍ പറഞ്ഞു.
സുപ്രീം കോടതി ജനുവരിയില്‍ 14 നാവികന് മൂന്ന് മാസത്തേക്ക് കൂടി ജാമ്യം നീട്ടി നല്‍കിയിയെന്നും നാവികന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം എന്നും യൂണിയന്‍ പ്രസ്താവനയില്‍ പറയുന്നു.
കടല്‍ക്കൊല കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ നാവികന്‍ മാസിമില്ല്യാനൊ ലത്തോറെന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു എന്ന മാനുഷിക പരിഗണന കണക്കിലെടുത്ത് മൂന്നുമാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ സുപ്രീംകോടതി രണ്ട് ദിവസം മുമ്പ് അനുവാദം നല്‍കിയിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ചകിത്സയിലായിരുന്ന ഇയാള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇറ്റലിയിലേക്ക് പോവാന്‍ നാലുമാസത്തെ അനുമതി നല്‍കിയത്. അവധി കഴിയാനിരിക്കെ സമയം നീട്ടിത്തരണം എന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന ലത്തോറെ കോടതിയെ സമീപിക്കുകയായിരുന്നു.
2012 ഫെബ്രുവരിയില്‍ സ്വകാര്യ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരായ നാവികര്‍ മത്സത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇതില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും ചെയ്തു. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് നാവികര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.
എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന നാവികരുടെ വാദത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ട് എന്‍.ഐ.എ രംഗത്തുവന്നത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നാവികര്‍ വെടിയുതിര്‍ത്തതെന്നും 125 മീറ്റര്‍ മാത്രം ദൂരത്തു നിന്നാണ് നാവികര്‍ ഇരുപത് തവണ വെടിയുതിര്‍ത്തതെന്നും മനപൂര്‍വ്വം വെടിവെച്ചതാണെന്നും എന്‍.ഐ.എ പറഞ്ഞിരുന്നു.
അവധി നീട്ടി നല്‍കുന്നതിനോട് കേന്ദ്രസര്‍ക്കാര്‍ സമ്മതം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സമയം നീട്ടി നല്‍കിയതായി ഉത്തരവിട്ടത്.