ഫോട്ടോ : റോയിട്ടേഴ്‌സ്
ബ്രസ്സല്‍സ്, ബെല്‍ജിയം: സിറിയയില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന വിഷയം ചര്‍ച്ചയിലൂടെ തീരുമാനിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലുമായി ഇവര്‍ക്ക് അഭയം നല്‍കുന്ന കാര്യമാണ് പ്രധാന ചര്‍ച്ചാവിഷയം. അഭയാര്‍ത്ഥികളെ സ്വീകരിക്കില്ല എന്നു കടുത്ത നിലപാടെടുക്കുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമവും ചര്‍ച്ചയില്‍ നടക്കും.
രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരാണ് ചൊവ്വാഴ്ച ബ്രസല്‍സില്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ സര്‍വ്വസമ്മതമായ അഭിപ്രായം രൂപീകരിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചയ്ക്ക് ശേഷം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബുധനാഴ്ച ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.
ഹംഗറി, പോളണ്ട്, സ്ലൊവാക്യ, ചെക്ക്‌റിപ്ലബ്ലിക് എന്നീ രാജ്യങ്ങളാണ് പ്രധാനമായും അഭയാര്‍ത്ഥികള്‍ക്കെതിരായ നിലപാടെടുക്കുന്നത്. ഈ രാജ്യങ്ങള്‍ ചേര്‍ന്ന് തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയ്ക്കുശേഷം തങ്ങള്‍ പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ത്ഥമായി ശ്രമിക്കാമെന്ന് ചെക്ക് വിദേശകാര്യമന്ത്രി ലുബോമിര്‍ സോറലെക് പറഞ്ഞിരുന്നു. അഭയാര്‍ത്ഥികള്‍ തങ്ങളുടെ വാതിലുകളില്‍ മുട്ടുന്നതിനു പകരം അടിച്ചുതകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഹംഗറിയുടെ പരാതി.
ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഐകകണ്ഠമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വോട്ടെടുപ്പ് നടത്താനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. ഇപ്പോള്‍ത്തന്നെ രാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തിലള്ള ഭിന്നതകള്‍ രൂക്ഷമാണ്.
വിവധകാരണങ്ങളാല്‍ ഇറ്റലി, ഗ്രീസ്, ഹംഗറി എന്നിവിടങ്ങളിലേക്കു കടക്കാന്‍ കഴിയാതെ 120,000 അഭയാര്‍ത്ഥികള്‍ ഈ രാജ്യങ്ങളുടെ അതിര്‍ത്തികളിലുണ്ടെന്നാണ് കണക്കുകള്‍. ഇവരെ പങ്കിട്ടെടുത്ത് അഭയം നല്‍കാനാണ് ശ്രമം. അഭയം നല്‍കുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയും ജനസംഖ്യയും അടിസ്ഥാനമാക്കിയാകും അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കുക. ഇതിനു വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്ക് ജി.ഡി.പിയുടെ 0.002% പിഴ ചുമത്താനും ഉദ്ദേശ്യമുണ്ട്.
അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ രാജ്യങ്ങളെ യൂണിയന്‍ എന്നു വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇന്നലെ ഗ്രീസില്‍ അധികാരമേറ്റ ഇടതു പ്രധാനമന്ത്രിയായ അലക്‌സിസ് സിപ്രാസ് വിമര്‍ശിച്ചിരുന്നു.
ഇതിനിടെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ബന്ധപ്പെട്ട യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍, അഭയാര്‍ത്ഥികളോട് അനുഭാവപൂര്‍വ്വം പെരുമാറാന്‍ അഭ്യര്‍ത്ഥിച്ചു.