ന്യൂയോര്‍ക്ക്: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്ത്രജ്ഞര്‍.
ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിലെ (Copernicus Climate Change Service, C3S) ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഭൂമിയുടെ താപനില ഉയര്‍ത്തുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈന്‍ എന്നീ വാതകങ്ങളുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നെന്നും തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ താപനില രേഖപ്പെടുത്താന്‍ ആരംഭിച്ച 1850 മുതലുള്ള രേഖകള്‍ കണക്കിലെടുത്താണ് ഇക്കാര്യം പറയുന്നത്.
2020ഉം 2016ഉമാണ് ഇതില്‍ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍. 2021ലെ ശരാശരി ഗ്ലോബല്‍ താപനില 1.1-1.2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
2015ലെ പാരിസ് ഉടമ്പടി പ്രകാരം ആഗോള താപനിലയുടെ വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് വരെ എന്ന തോതില്‍ നിയന്ത്രിച്ച് നിര്‍ത്തും എന്നായിരുന്നു ഉടമ്പടിയില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പറഞ്ഞിരുന്നത്.
ഈ അളവില്‍ നിയന്ത്രിച്ച് നിര്‍ത്താനായാല്‍ ആഗോള താപനിലാ വര്‍ധനവ് കാരണം ഉണ്ടായേക്കാവുന്ന വളരെ മോശം ആഘാതങ്ങളെ ഒരു പരിധി വരെയെങ്കിലും തടഞ്ഞ് നിര്‍ത്താനാവും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇതിന് വേണ്ടി 2030ഓടുകൂടി നിലവിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായെങ്കിലും കുറക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വേനല്‍ക്കാലത്ത് യൂറോപ്പില്‍ റെക്കോര്‍ഡ് ചൂടായിരുന്നു രേഖപ്പെടുത്തിയതെന്നും പറയുന്നു. ഈ കാലാവസ്ഥാ മാറ്റം ഫ്രാന്‍സ്, ഹംഗറി എന്നീ രാജ്യങ്ങളില്‍ കൃഷിയെ മോശമായി ബാധിച്ചിരുന്നു.
മാത്രമല്ല, മെഡിറ്ററേനിയന്‍ ഉഷ്ണതരംഗം കാരണം തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ കാട്ടുതീ വന്‍ നാശം വിതച്ച സംഭവവും ലോകത്തെ നടുക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: European Union scientists said 2021 was the fifth-hottest year on record as emissions surge