| Thursday, 23rd December 2021, 8:37 am

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് ഇനി ഒമ്പത് മാസം മാത്രം കാലാവധി; യൂറോപ്യന്‍ യൂണിയന്റെ പുതിയ മാര്‍ഗരേഖ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് യൂറോപ്യന്‍ യൂണിയന്‍.

യാത്രാ ആവശ്യാര്‍ത്ഥമുള്ള കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് ഇനി മുതല്‍ ഒമ്പത് മാസമായിരിക്കും കാലാവധി. 2022 ഫെബ്രുവരി ഒന്ന് മുതല്‍ നിബന്ധന നിലവില്‍ വരും.

ഒമിക്രോണ്‍ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യൂണിയന്റെ നടപടി.

ഇതുപ്രകാരം ഒമ്പത് മാസത്തിനുള്ളില്‍ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് മാത്രമേ ഇനി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പ്രവേശിക്കാനാകൂ.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പുതിയ നിബന്ധന ബാധകമാകുക. ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കം 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയന്റെ ഭാഗമായുള്ളത്.

യൂണിയനിലെ ഭൂരിപക്ഷം രാജ്യങ്ങളിലെ സര്‍ക്കാരുകളും പുതിയ തീരുമാനത്തെ പിന്തുണച്ചതായും അധികൃതര്‍ പ്രതികരിച്ചു.

അതേസമയം, ഇറ്റലി, ഗ്രീസ്, അയര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

പല യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണിന്റെ സാന്നിധ്യം ക്രമാതീതമായി വര്‍ധിക്കുകയാണ്. ജര്‍മനിയും പോര്‍ച്ചുഗലുമടക്കമുള്ള രാജ്യങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: European Union has set a nine-month validity on COVID-19 vaccine certificate for travel

We use cookies to give you the best possible experience. Learn more