ബ്രസല്‍സ്: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്. മണിപ്പൂര്‍ കലാപത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കി. സംഘര്‍ഷത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം, സുരക്ഷാ സേനക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം, പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പ്രമേയം അംഗീകരിച്ചത്. മണിപ്പൂരില്‍ ഉണ്ടായ ആക്രമണങ്ങള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ചെയ്തു.
ഫ്രാന്‍സിലെ സ്ട്രാന്‍സ്ബര്‍ഗില്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലീനറി സെക്ഷനില്‍ മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നിവ ലംഘിക്കപ്പെടുന്ന മേഖലയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മണിപ്പൂരിനെയും ഉള്‍പ്പെടുത്തിയിരുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശ സംരക്ഷകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥിരമായി പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അഹിഷ്ണുതയാണ് സംഘര്‍ത്തിന് കാരണമെന്ന് പ്രമേയത്തില്‍ പറയുന്നു. ഹിന്ദുഭൂരിപക്ഷ വാദത്തെ പ്രത്സാഹിപ്പിക്കുന്ന ഭിന്നിപ്പിക്കല്‍ നയമാണ് സംഘര്‍ഷത്തിന് പിന്നിലെന്നും പ്രമേയം വിമര്‍ശിച്ചു. സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി, നിരവധി കെട്ടിടങ്ങളും ആരാധനായങ്ങളും തകര്‍ക്കപ്പെട്ടു, ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ് നടന്നതെന്നും പ്രമേയത്തില്‍ പറയുന്നു. സംഘര്‍ഷത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയിരുന്നു. ഇതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയത്.
മെയ്തി വിഭാഗക്കാര്‍ ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതോടെയായിരുന്നു മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ആക്രമണത്തില്‍ ഇതുവരെ 150 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: European Union demanded immediate action in Manipur