ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം പാസാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ്. ‘ഇന്ത്യ: ദി സിറ്റുവേഷന്‍ ഇന്‍ മണിപ്പൂര്‍’ എന്ന വിഷയത്തിലാണ് ബുധനാഴ്ച സ്ട്രാസ്ബര്‍ഗിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ആറ് പാര്‍ലമെന്ററി ഗ്രൂപ്പുകളാണ് മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ചിട്ടുള്ളത്. ലെഫ്റ്റ്, റൈറ്റ്, സെന്റര്‍-റൈറ്റ്, കണ്‍സര്‍വേറ്റീവ്, ക്രിസ്ത്യന്‍ ഗ്രൂപ്പുകളാണ് സ്ട്രാസ്ബര്‍ഗിലെ പ്ലീനറി സെഷനില്‍ പ്രമേയം ചര്‍ച്ച ചെയ്യാന്‍ ആവശ്യമുന്നയച്ചിട്ടുള്ളത്.
വിഷയത്തില്‍ വോട്ടെടുപ്പും നടക്കും. ജൂലൈ 10 മുതല്‍ 13 വരെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് യോഗം ചേരുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. ബാസ്റ്റൈല്‍ ഡേ പരേഡില്‍ മോദി മുഖ്യാതിഥിയാണ്.
അതേസമയം, മണിപ്പൂര്‍ സംഘര്‍ഷങ്ങളില്‍ പ്രമേയം പാസാക്കാന്‍ ഫ്രാന്‍സില്‍ വിളിച്ചു ചേര്‍ത്ത യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു. മണിപ്പൂര്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര ഇതിനോട് പ്രതികരിച്ചത്.
‘യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്നതായി അറിഞ്ഞു. വിഷയം യൂറോപ്യന്‍ പാര്‍ലമെന്റിന് പുറത്തുള്ളതാണെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്,’ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ആല്‍ബര്‍ ആന്‍ഡ് ഗെയ്ഗര്‍ എന്ന രാഷ്ട്രീയ ഏജന്‍സി മുഖേന യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ ഇടപെട്ട് പ്രമേയം മാറ്റിവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചിട്ടില്ല.