ബ്രസല്‍സ്: റഷ്യയെ ഭീകരവാദത്തിന്റെ സ്‌പോണ്‍സറായി (state sponsor of terrorism) പ്രഖ്യാപിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. ബുധനാഴ്ചയായിരുന്നു പാര്‍ലമെന്റ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
ഊര്‍ജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഷെല്‍ട്ടറുകള്‍ തുടങ്ങിയ സിവിലിയന്‍ കേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നാണ് പാര്‍ലമെന്റ് വാദിച്ചത്.
പാര്‍ലമെന്റംഗങ്ങളായ യൂറോപ്യന്‍ നിയമനിര്‍മാതാക്കള്‍ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്യുകയായിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് നവംബര്‍ 22ന് കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ വെച്ച് ചേര്‍ന്ന യോഗത്തിലായിരുന്നു ഈ നീക്കം.
അതേസമയം യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഈ നീക്കം വലിയൊരു ശതമാനം വരെ പ്രതീകാത്മകം മാത്രമാണ്. കാരണം ഈ പ്രമേയത്തെ പിന്താങ്ങുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് യൂറോപ്യന്‍ യൂണിയനില്ല.
എന്നാല്‍ ഉക്രൈനില്‍ റഷ്യ ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍’ ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യക്കെതിരെ വിവിധ തരത്തിലുള്ള ഉപരോധങ്ങളുമായി പാര്‍ലമെന്റ് രംഗത്തെത്തിയിരുന്നു.
‘യൂറോപ്യന്‍ പാര്‍ലമെന്റിനെ മണ്ടത്തരത്തിന്റെ സ്‌പോണ്‍സറായി പ്രഖ്യാപിക്കാന്‍ ഞാന്‍ നിര്‍ദേശിക്കുന്നു’, എന്നാണ് റഷ്യന്‍ വിദേശകാര്യ വകുപ്പിന്റെ വക്താവ് മറിയ സഖരോവ (Maria Zakharova) ടെലഗ്രാമില്‍ കുറിച്ചത്.
അതേസമയം, റഷ്യയെ ‘ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യ’മായി പ്രഖ്യാപിക്കണമെന്ന് ഉക്രൈനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നേരത്തെ തന്നെ അമേരിക്കയോടും മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
റഷ്യന്‍ സൈന്യം സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നു, എന്നായിരുന്നു ഉക്രൈന്റെ വാദം. എന്നാല്‍ റഷ്യ ഇത് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
എന്നാല്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു ചേംബറുകളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റഷ്യയെ ഇതുവരെ state sponsor of terrorism പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തയ്യാറായിട്ടില്ല.
നിലവില്‍ ക്യൂബ, ഉത്തര കൊറിയ, ഇറാന്‍, സിറിയ എന്നീ നാല് രാജ്യങ്ങളെയാണ് പ്രസ്തുത ലിസ്റ്റില്‍ യു.എസിന്റെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് മേല്‍ പ്രതിരോധ കയറ്റുമതി നിരോധനവും സാമ്പത്തിക നിയന്ത്രണങ്ങളും നിലവിലുണ്ട്.
നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ പെട്ട ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ, പോളണ്ട് എന്നീ നാല് രാജ്യങ്ങളുടെ പാര്‍ലമെന്റുകളാണ് റഷ്യയെ ഭീകരവാദ സ്‌പോണ്‍സര്‍ രാജ്യമായി പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് യൂറോപ്യന്‍ പാര്‍ലമെന്ററി റിസര്‍ച് സര്‍വീസ് പ്രകാരം പറയുന്നത്.
അതേസമയം, 2022 ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ തങ്ങളുടെ സൈനിക നടപടികള്‍ ആരംഭിച്ചത്. ഇതിന് പിന്നാലെ അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും റഷ്യക്ക് മേല്‍ വ്യാപാര- എണ്ണ- സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Content Highlight: European Parliament declares Russia a state sponsor of terrorism, Russia gives reply