രോഹിങ്ക്യൻ മുസ്‌ലിങ്ങളുടെ വംശഹത്യ; മ്യാന്മറിനെതിരെ കേസിൽ കക്ഷി ചേർന്ന് യൂറോപ്യൻ രാജ്യങ്ങൾ
World News
രോഹിങ്ക്യൻ മുസ്‌ലിങ്ങളുടെ വംശഹത്യ; മ്യാന്മറിനെതിരെ കേസിൽ കക്ഷി ചേർന്ന് യൂറോപ്യൻ രാജ്യങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2023, 7:18 pm

നാപിഡോ: രോഹിങ്ക്യൻ മുസ്‌ലിങ്ങൾക്കെതിരെ മ്യാന്മർ നടത്തിയ വംശഹത്യയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ കേസിൽ കക്ഷി ചേർന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ.

2019ൽ ഗാംബിയ നൽകിയ കേസിലാണ് ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സംയുക്ത ഇടപെടൽ ഡിക്ലറേഷൻ നൽകിയത്.

വംശഹത്യ തടയുന്നതിനുള്ള 1948 കൺവെൻഷന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഉദ്ദേശമെന്നും യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണം തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വംശഹത്യ തടയുന്നതിലേക്ക് തങ്ങൾക്കും സംഭാവനകൾ നൽകണമെന്നും ജർമനിയുടെ നിയമകാര്യ ഡയറക്ടർ ജനറൽ താനിയ വോൺ ഉസ്‌ലാർ എക്‌സിൽ കുറിച്ചു.

മ്യാന്മറിനെതിരെ വംശഹത്യ ആരോപിച്ച് മാലിദ്വീപ് മറ്റൊരു ഡിക്ലറേഷൻ നൽകിയിട്ടുണ്ട് എന്നും അന്താരാഷ്ട്ര കോടതി അറിയിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിയമപ്രകാരം ഡിക്ലറേഷൻ എന്നാൽ ഉദ്ദേശിക്കുന്നത് ഈ രാജ്യങ്ങൾക്ക് നിയമ വാദങ്ങൾ ഉന്നയിക്കാൻ സാധിക്കും.

മുസ്‌ലിം ന്യൂനപക്ഷമായ രോഹിങ്ക്യൻ വംശജർക്കെതിരെയുള്ള ക്രൂരമായ അക്രമങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ പ്രക്ഷോഭങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു 2019ൽ കേസ് ഫയൽ ചെയ്തത്.

2017ലെ മ്യാന്മർ സൈനിക നീക്കത്തെ തുടർന്ന് 7,30,00 രോഹിങ്ക്യകൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറിയിരുന്നു. ഇതിനിടയിൽ വംശീയ ഉന്മൂലനം നടന്നു എന്നാണ് യു.എന്നിന്റെ ഫാക്ട് ഫൈൻഡിങ് മിഷൻ അറിയിച്ചത്.

Content Highlight: European nations join Myanmar genocide case