പലേര്‍മോ: മുന്‍ ലോക ചാമ്പ്യന്‍മാരും നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരുമായ ഇറ്റലി ഖത്തര്‍ ലോകകപ്പില്‍ നിന്നും പുറത്ത്. പ്ലേ ഓഫ് മത്സരത്തില്‍ തരതമ്യേന ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് ഇറ്റലി ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്തായത്.
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ സ്വന്തം മൈതാനത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തിലായിരുന്നു ഇറ്റലിയുടെ പരാജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ തോല്‍വി. മത്സരത്തിന്റെ 92-ാം മിനുട്ടില്‍ മാസിഡോണിയയുടെ അലക്സാണ്ടര്‍ ട്രോജ്കോവിസ്‌കി നേടിയ ഗോളാണ് ഇറ്റലിയുടെ പുറത്താകലിന് വഴിയൊരുക്കിയത്.
2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലും ഇറ്റലി യോഗ്യത നേടാനായിരുന്നില്ല. ഇതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ഇറ്റലി ജേതാക്കളായിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യ റൗണ്ടില്‍ യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് പ്ലേ ഓഫ് കളിക്കേണ്ടിവരികയായിരുന്നു.
ഇതിനുമുമ്പ് 1958 ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. നാല് തവണ ഫുട്ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള രാജ്യമാണ് ഇറ്റലി. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകജേതാക്കളായിട്ടുള്ളത്.
അതേസമയം, മറ്റൊരു പ്ലേഓഫില്‍ പൊരുതിക്കളിച്ച തുര്‍ക്കിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ നിര്‍ണായകമായ ഫൈനല്‍ പ്ലേഓഫിന് യോഗ്യത നേടി. ഇറ്റലിയെ തോല്‍പ്പിച്ച നോര്‍ത്ത് മാഡിസോണിയയായിരിക്കും പ്ലേ ഓഫ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
ഏഷ്യയില്‍ നിന്ന് ജപ്പാനും സൗദി അറേബ്യയും ഈ വര്‍ഷം നവംബറില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടി. സൗദി ചൈനയെ സമനിലയില്‍ തളച്ചപ്പോള്‍ ഓസ്ട്രേലിയയെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ജപ്പാന്‍ ടിക്കറ്റെടുത്തത്.