| Monday, 7th September 2015, 8:17 am

മനുഷ്യക്കടത്ത് തൊഴിലാക്കിയ 30,000 പേരുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: മനുഷ്യക്കടത്ത് തൊഴിലാക്കിയ 30,000ത്തോളം പേരുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍. സിറിയ, എറിട്രിയ, സോമാലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും യുദ്ധവും ദാരിദ്ര്യവും ഭയന്ന് പലായനം ചെയ്യുന്നവരെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയ കോടിക്കണക്കിനു ഡോളറുകളാണ് മനുഷ്യക്കടത്തിലൂടെ ഉണ്ടാക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു.

യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും ആകര്‍ഷിക്കുന്നതിനായി ഇത്തരം മനുഷ്യക്കടത്തുകാര്‍ സോഷ്യല്‍ മീഡിയകളെയാണ് ഉപയോഗിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്റെ സംഘടിത കുറ്റകൃത്യ വിഭാഗമായ യൂറോപോള്‍ മേധാവി റോബേര്‍ട് ക്രപിന്‍കോ പറയുന്നു.

മെഡിറ്ററേനിയനിലെ മനുഷ്യക്കടത്തുകാര്‍ക്കെതിരെ ജൂലൈയില്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു നാവിക മിഷന്‍ തുടങ്ങിവെച്ചിരുന്നു. മനുഷ്യക്കടത്തുകാരുടെ ശൃംഖലകള്‍ തകര്‍ക്കാന്‍ സിസിലി ആസ്ഥാനമായി കൂട്ടായ പ്രവര്‍ത്തനം ആസൂത്രണം ചെയ്തുവരികയാണെന്ന് നാവിക മിഷനും യൂറോപോളും പറയുന്നു.

ടര്‍ക്കിയില്‍ നിന്നുള്ള മനുഷ്യക്കടത്തു തടയുന്നതിനായി യൂറോപോള്‍ പൈറിയസ്, ഗ്രീസ് എന്നിവിടങ്ങളില്‍ സെല്‍ തുടങ്ങുമെന്നും ക്രിപിന്‍കോ അറിയിച്ചു.

മനുഷ്യക്കടത്തിനൊപ്പം ലൈംഗിക ചൂഷണവും തൊഴില്‍ ചൂഷണവും വഴി ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ വന്‍തോതില്‍ സാമ്പാദിക്കുന്നുണ്ട്. ആയുധക്കടത്തില്‍ നിന്നും മയക്കുമരുന്ന് കടത്തില്‍ നിന്നും സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ ഈ വഴി നേടുന്നുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ഈ മേഖലയിലെ ഏറ്റവും ലാഭകരമായ ബിസിനസായി ഇതു മാറിയിരിക്കുകയാണെന്നും യൂറോപ്യന്‍ യൂണിയന്റെ ബോര്‍ഡര്‍ കണ്‍ട്രോള്‍ ഏജന്‍സി ഫ്രോണ്ടെക്‌സിന്റെ വക്താവ് ഇസബെല്ല കൂപ്പര്‍ പറയുന്നു.

തങ്ങളുടെ സേവനങ്ങളും ചിലവും യാത്രാ ഒരുക്കങ്ങളും പരസ്യം ചെയ്യാന്‍ മനുഷ്യക്കടത്തുകാര്‍ ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങലെ ഉപയോഗിക്കുകയാണെന്നും അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more