സീസണ്‍ അവസാനഘട്ടത്തിലേക്ക് കടക്കവെ ജര്‍മന്‍ ലീഗായ ബുണ്ടസ്‌ലിഗയില്‍ കിരീടപ്പോരാട്ടം കടുക്കുന്നു. അടുത്ത ഞായറാഴ്ച അവസാന റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ, ഒരു ജയമകലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കാത്തിരിക്കുന്നത് 11 വര്‍ഷത്തിന് ശേഷമൊരു ലീഗ് കിരീടമെന്ന സ്വപ്‌നമാണ്.
നിലവിലെ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് മാനേജറായിരുന്ന 2011-12 സീസണിലാണ് അവര്‍ അവസാനമായി ലീഗ് കപ്പില്‍ മുത്തമിടുന്നത്. തുടര്‍ച്ചയായി പത്ത് വട്ടം ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനാകട്ടെ ഇത് ജീവന്മരണ പോരാട്ടമാണ്.
ഒരു മത്സരം മാത്രം ശേഷിക്കെ ലീഗ് ടൈറ്റിലിനായി അവര്‍ കൈമെയ് മറന്ന് പൊരുതുമെന്നുറപ്പാണ്. ബുണ്ടസ് ലിഗയുടെ ചരിത്രത്തില്‍ സമീപകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ആവേശകരമായ ക്ലൈമാക്‌സിനാണ് ലീഗ് ആരാധകര്‍ കാത്തിരിക്കുന്നത്.
എല്ലാ ടീമുകളും 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 70 പോയിന്റുമായി മുന്നിലാണ് അവര്‍. അതേസമയം, അവര്‍ തോല്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് ബയേണ്‍ മ്യൂണിക്ക് ടീമിന്റെ ആരാധകര്‍. 68 പോയിന്റുമായി ബയേണ്‍ തൊട്ടുപിന്നാലെയുണ്ട്. മാര്‍ച്ചില്‍ മാനേജറായി മുന്‍ ചെല്‍സി കോച്ചായ തോമസ് ടുഹെല്‍ എത്തിയെങ്കിലും, ബയേണിന് തൊട്ടതെല്ലാം പിഴക്കുകയാണ്.
ഞായറാഴ്ച നടക്കുന്ന മെയിന്‍സിനെതിരായ മത്സരം തോറ്റാല്‍ പോലും അവര്‍ക്ക് കിരീടപ്രതീക്ഷയുണ്ട്. ഒരേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബയേണ്‍ തോറ്റാലും സമനിലയിലായാലും ബുണ്ടസ് ലിഗ ഷീല്‍ഡ് കപ്പ് ഡോര്‍ട്ട്മുണ്ടിന്റെ ഷെല്‍ഫിലെത്തും. അതേസമയം, ബയേണ്‍ ജയിച്ചാല്‍ അവസാന മത്സരത്തില്‍ തോല്‍വി ഒഴിവാക്കേണ്ട സാഹചര്യമുണ്ട് ബൊറൂസിയയുടെ യെല്ലോ ആര്‍മിക്ക്.
ഞായറാഴ്ചത്തെ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങിയ ഓസ്ബര്‍ഗിനെ 3-0ന് വീഴ്ത്തിയാണ് ഡോര്‍ട്ട്മുണ്ട് രണ്ട് പോയിന്റിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. കാന്‍സറിനെ അതിജീവിച്ചെത്തിയ മുന്നേറ്റനിരയിലെ പോരാളി സെബാസ്റ്റിയന്‍ ഹാളര്‍ രണ്ടാം പകുതിയില്‍ നേടിയ ഇരട്ട ഗോളുകളാണ് ബൊറൂസിയയെ രക്ഷിച്ചത്.