| Friday, 4th March 2022, 8:21 am

റഷ്യന്‍ ആക്രമണത്തിന് പിന്നാലെ യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തില്‍ തീപിടുത്തം; ആണവ ദുരന്തത്തിന് സാധ്യതയെന്ന് ഉക്രൈന്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിവിവ്: റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ഉക്രൈന്‍ ആണവനിലയത്തില്‍ തീപിടുത്തം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിനാണ് തീപിടിച്ചത്.

റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന്റെ ഫലമായി സപ്പോരിഷ്യ ആണവനിലയത്തില്‍ തീപിടിത്തമുണ്ടായതായി പ്ലാന്റിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉക്രൈന്‍ വക്താവ് ആന്ദ്രേ തുസ് പറഞ്ഞു.

റഷ്യ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും ഉക്രൈയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളോട് സൈനിക സഹായം വര്‍ധിപ്പിക്കണമെന്നും വിമാനങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

ആക്രമണത്തില്‍ പ്ലാന്റിന്റെ പവര്‍ യൂണിറ്റ് തകര്‍ന്നിട്ടുണ്ട്. അപകടസ്ഥിതി കണക്കിലെടുത്ത് യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.

‘യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിഷ്യക്ക് നേരെ റഷ്യന്‍ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിര്‍ത്തു. ഇതിനകം തന്നെ അഗ്നിബാധ തുടങ്ങിയിട്ടുണ്ട്,’ പ്ലാന്റ് പൊട്ടിത്തെറിച്ചാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ആണവ ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നല്‍കി അദ്ദേഹം ട്വീറ്റ് ചെയ്തു. അഗ്നിശമനസേനയെ റഷ്യ ഇവിടെ അനുവദിക്കണമെന്നും സുരക്ഷ മേഖല സൃഷ്ടിക്കണമെന്നും ദിമിട്രോ കുലേബ കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ ഉക്രൈനിലെ എനെര്‍ഹോദറില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

എനെര്‍ഹോദറിലെ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തണമെന്നും അവിടെ പ്രവര്‍ത്തിക്കുന്ന സൈനിക സേനയോട് ആണവ നിലയത്തിന് സമീപമുള്ള അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നനും ഐ.എ.ഇ.എ ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടിരുന്നതായി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.


Content Highlight: Europe’s largest nuclear power plant fires after Russian invasion

We use cookies to give you the best possible experience. Learn more