സെന്റ് ജോര്‍ജ്‌സ്: ആഫ്രിക്കക്കാരെ അടിമകളാക്കിയതിനും അടിമക്കച്ചവടം നടത്തിയതിനും യൂറോപ്പ് മാപ്പ് പറയുകയും നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഗ്രനഡെ പ്രധാനമന്ത്രി ഡിക്കണ്‍ മിച്ചല്‍. യുറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെറും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് കരീബിയന്‍ കമ്മ്യൂണിറ്റി ചെയര്‍മാന്‍ കൂടിയായ ഡിക്കന്‍ മിച്ചല്‍ ഈ ആവശ്യം ഉന്നയിച്ചത്.
അടിമക്കച്ചവടത്തില്‍ ബന്ധപ്പെട്ടവര്‍ മാപ്പ് പറയണമെന്നും ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാര്‍ബഡോസില്‍ നടന്ന കരീബിയന്‍ കമ്മ്യൂണിറ്റിയുടെ 48-ാമത് ഗവണ്‍മെന്റ് തലവന്മാരുടെ യോഗമായ ‘കരികോം’ സമ്മേളനത്തിലാണ് ഡിക്കന്‍ മിച്ചല്‍ ഈ ആവശ്യം ഉയര്‍ത്തിയത്.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ഉടമസ്ഥനാകാം എന്ന ഈ പ്രാകൃത സംവിധാനത്തെ തുറന്നെതിര്‍ക്കാതിരുന്നാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ അടിമത്തം പുനര്‍ജനിക്കാന്‍ ഇടയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിമത്തം മനുഷ്യരാശിക്കെതിരായ ഒരു കുറ്റ കൃത്യമാണെന്നും ഇനിയൊരിക്കലും അത് സംഭവിക്കരുതെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നതെന്നും പറഞ്ഞ ഡിക്കന്‍ മിച്ചല്‍ ഉചിതമായ ക്ഷമാപണവും നഷ്ടപരിഹാരവും നല്‍കുന്ന കാര്യത്തില്‍ യൂറോപ്പ് വരും തലമുറയോട് ബാധ്യതപ്പെട്ടവരാണെന്നും പറഞ്ഞു.
അടിമത്വം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും സമ്മേളനത്തില്‍ പങ്കെടുത്ത യൂറോപ്യന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മറുപടി പറഞ്ഞു. ഓരോ മനുഷ്യന്റെയും സാര്‍വത്രിക അവകാശങ്ങളും പ്രധാനപ്പെട്ടതാണെന്നും അത് സംരക്ഷിപ്പെടേണ്ടതാണെന്നും പറഞ്ഞ അദ്ദേഹം പക്ഷേ, അടിമത്തത്തിന്റെ പേരില്‍ മാപ്പ് പറയുന്നതിനെ കുറിച്ചോ നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചോ പരാമര്‍ശിച്ചില്ല.
15ാം നൂറ്റാണ്ട് മുതല്‍ 19ാം നൂറ്റാണ്ട് വരെ 12.5ദശലക്ഷം ആഫ്രിക്കന്‍സിനെ യൂറോപ്പിലെ വ്യാപാരികള്‍ തട്ടിക്കൊണ്ടുപോയി അടിമകളാക്കുകയും അടിമച്ചന്തകളില്‍ വില്‍പനക്ക് വെച്ചെന്നുമാണ് ചരിത്ര രേഖകള്‍. മനുഷ്യരെ അടിമകളാക്കിയ കൊളോണിയല്‍ നടപടിയില്‍ യൂറോപ്പ് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യം ലോകമെമ്പാടും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. കാരികോമിലും ആഫ്രിക്കന്‍ യൂണിയനിലും നേരത്തെയും ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
content highlights: Europe must apologize, pay reparations for enslavement of Africans: Grenada PM