ബ്രസല്‍സ്: 500 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ് യൂറോപ്പ്. വൈദ്യുതി ഉല്‍പാദനം, ഷിപ്പിങ്, വിളവ് എന്നിവ കുറയുന്നുവെന്നും ഭൂഖണ്ഡത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജാഗ്രതയിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ചൊവ്വാഴ്ച പറഞ്ഞു.
യൂറോപ്യന്‍ കമ്മീഷന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ ഡ്രോട്ട് ഒബ്സര്‍വേറ്ററി (ഇ.ഡി.ഒ) ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം യൂറോപ്പിലെ 47 ശതമാനം സ്ഥലങ്ങളിലും മണ്ണിലെ ഈര്‍പ്പത്തിന്റെ അളവില്‍ കുറവ് രേഖപ്പെടുത്തിയതിനാല്‍ മുന്നറിയിപ്പിലാണ്. കൂടാതെ വരള്‍ച്ച കൃഷിയെ ബാധിക്കുന്നതിനാല്‍ 17 ശതമാനം സ്ഥലങ്ങളിലും മുന്നറിയിപ്പുണ്ട്.
”ഈ വര്‍ഷം യൂറോപ്പിലെ പല പ്രദേശങ്ങളെയും കടുത്ത വരള്‍ച്ച ബാധിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം മുതല്‍ അത് കൂടുതല്‍ വികസിക്കുകയും മോശമാവുകയും ചെയ്തു,” പടിഞ്ഞാറന്‍ യൂറോപ്പ്-മെഡിറ്ററേനിയന്‍ മേഖലകളില്‍ സാധാരണയുള്ളതിനേക്കാള്‍ ചൂടും വരള്‍ച്ചയും അനുഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഈ റിപ്പോര്‍ട്ട് പ്രകാരം ഇറ്റലി, സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, റൊമാനിയ, ഹംഗറി, യുക്രൈന്‍, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന ലഭിക്കുന്നത്.
യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആഴ്ചകളോളം ചുട്ടുപൊള്ളുന്ന താപനിലയെ അഭിമുഖീകരിച്ചിരുന്നു. ഇക്കഴിഞ്ഞ വേനല്‍ക്കാലത്താണ് ഇത് ഏറ്റവും കൂടുതല്‍ മോശമായത്. ഇത് വരള്‍ച്ചയെ വഷളാക്കുകയും കാട്ടുതീക്ക് കാരണമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കൂടുതല്‍ നടപടികളെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിലവില്‍ യൂറോപ്പില്‍ അനുഭവപ്പെടുന്ന വരള്‍ച്ച, കുറഞ്ഞത് 500 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് കണക്കാക്കുന്നത്. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് 2022 ല്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി വിളവിനേക്കാള്‍ 16% കുറവായിരുന്നു ഇത്തവണത്തെ ചോളത്തിന്റെ വിളവ്. കൂടാതെ സോയാബീന്‍, സൂര്യകാന്തി എന്നിവയുടെ വിളവ് 12 ശതമാനം മുതല്‍ 15 ശതമാനം കുറയുകയും ചെയ്തിരുന്നു.
ജലവൈദ്യുതി ഉല്‍പാദനത്തെയും വരള്‍ച്ച സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഫീഡ് കൂളിങ് സംവിധാനങ്ങള്‍ക്കുള്ള വെള്ളത്തിന്റെ അഭാവം മൂലം മറ്റ് ഊര്‍ജ ഉല്‍പാദകരെയും ഇത് കൂടുതല്‍ ബാധിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് ഉള്‍നാടന്‍ ഷിപ്പിങ്ങിനെ വലിയതോതില്‍ തടസ്സപ്പെടുത്തിയിരുന്നു. ഷിപ്പിങ് ലോഡുകള്‍ കുറയുന്നത് കല്‍ക്കരി, എണ്ണ തുടങ്ങിയവയുടെ കയറ്റുമതി, ഇറക്കുമതി എന്നിവയെ ബാധിക്കുന്നുണ്ട്.
ഓഗസ്റ്റ് പകുതിയോടെ ലഭിച്ച മഴ നിലവിലെ സാഹചര്യങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും, ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടി പെയ്ത മഴ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായന്നും പറയുന്നുണ്ട്.
Content Highlight: Europe is facing a worst draught in 500 years