യൂറോപ്പ കോണ്‍ഫറന്‍സ് ലീഗില്‍ പടുകൂറ്റന്‍ വിജയവുമായി ചെല്‍സി. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അര്‍മേനിയന്‍ ടീമായ എഫ്.സി നോഹയെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്താണ് ചെല്‍സി വിജയമാഘോഷിച്ചത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചെല്‍സി.
വിസില്‍ മുഴങ്ങി 12ാം മിനിട്ടില്‍ ചെല്‍സി ലീഡ് നേടി. എന്‍സോ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണറില്‍ കൃത്യമായി തലവെച്ച തോഷിന്‍ അദരാബയോയോ ഹോം ടീമിനെ മുമ്പിലെത്തിച്ചു.
ആദ്യ ഗോള്‍ പിറന്ന് തൊട്ടടുത്ത മിനിട്ടില്‍ ചെല്‍സി വീണ്ടും ലീഡ് നേടി. നോഹ പ്രതിരോധനിരയുടെ മണ്ടത്തരം മുതലെടുത്ത സ്പാനിഷ് താരം മാര്‍ക് ഗ്യൂ ബ്ലൂസിന്റെ ലീഡ് ഇരട്ടിയാക്കി.
അധികം വൈകാതെ ചെല്‍സിയുടെ അടുത്ത ഗോളുമെത്തി. 18ാം മിനിട്ടില്‍ ആക്‌സെല്‍ ഡിസാസിയാണ് ഗോള്‍ കണ്ടെത്തിയത്. 21ാം മിനിട്ടില്‍ ജാവോ ഫെലിക്‌സിലൂടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വീണ്ടും ഇളകിമറിഞ്ഞു.
39ാം മിനിട്ടിലാണ് ചെല്‍സി അടുത്ത ഗോള്‍ സ്വന്തമാക്കുന്നത്. മൈക്കലോ മുഡ്രിച്ചാണ് ഹോം ടീമിന്റെ മത്സരത്തിലെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്.
ആദ്യ പകുതി അവസാനിക്കും മുമ്പ് ചെല്‍സി വീണ്ടും ഗോള്‍ കണ്ടെത്തി. ജാവോ ഫെലിക്‌സ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയപ്പോള്‍ ആറ് ഗോളിന്റെ ലീഡുമായി ചെല്‍സി ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും കാര്യമായി സബ്‌സറ്റിറ്റിയൂഷനുകള്‍ നടത്തി. പക്ഷേ അപ്പോഴും ചെല്‍സി തങ്ങളുടെ പഴയ പല്ലവി ആവര്‍ത്തിച്ചു. 69ാം മിനിട്ടില്‍ ക്രിസ്റ്റഫര്‍ എന്‍കുകു ചെല്‍സിയുടെ ഏഴാം ഗോള്‍ നോഹയുടെ വലയില്‍ അടിച്ചുകയറ്റി. 79ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയും വലയിലെത്തിച്ച എന്‍കുകു ചെല്‍സിയുടെ ഗോള്‍ വേട്ടയ്ക്ക് അന്ത്യമിട്ടു.
ഇതോടെ കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ചെല്‍സി ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് പരാജയവുമായി 28ാം സ്ഥാനത്താണ് നോഹ.
നംവബര്‍ 28നാണ് ചെല്‍സിയുടെ അടുത്ത മത്സരം. ജര്‍മന്‍ സൈഡായ ഹൈഡന്‍ഹൈമാണ് എതിരാളികള്‍. ഹൈഡന്‍ഹൈമിന്റെ ഹോം ഗ്രൗണ്ടായ വോയ്ത് അരീനയാണ് വേദി. മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ആറാമതാണ് ഹൈഡന്‍ഹൈം.
Content Highlight: Europa Conference League: Chelsea defeated DC Noah