ബൈ ബൈ റൊണാള്‍ഡോ, ബൈ ബൈ ഡോയ്ച്‌ലാന്‍ഡ്: അധികസമയത്തില്‍ സ്‌പെയ്ന്‍, പോര്‍ച്ചുഗലിന് ചരമഗീതമെഴുതി ഫ്രാന്‍സ്
Sports News
ബൈ ബൈ റൊണാള്‍ഡോ, ബൈ ബൈ ഡോയ്ച്‌ലാന്‍ഡ്: അധികസമയത്തില്‍ സ്‌പെയ്ന്‍, പോര്‍ച്ചുഗലിന് ചരമഗീതമെഴുതി ഫ്രാന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th July 2024, 8:55 am

യൂറോ കപ്പില്‍ ആതിഥേയരായ ജര്‍മനിയെ തോല്‍പിച്ച് സ്‌പെയ്‌നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാന്‍സും സെമി ഫൈനലില്‍ പ്രവേശിച്ചു. സ്‌പെയ്ന്‍ ജര്‍മനിയെ രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ടിലാണ് ഫ്രാന്‍സ് വിജയിച്ചുകയറിയത്.

ജര്‍മനി-ഫ്രാന്‍സ് പോരാട്ടത്തില്‍ അധികസമയത്തില്‍ നേടിയ ഗോളിന്റെ ബലത്തിലാണ് സ്‌പെയ്ന്‍ സെമി ഫൈനലിന് യോഗ്യത നേടിയത്. അധികസമയത്ത് പകരക്കാരനായെത്തിയ മൈക്കല്‍ മെറിനോയാണ് വിജയഗോള്‍ നേടിയത്.

നേരത്തേ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയിലായിരുന്നു. സ്പെയ്‌നിനായി പകരക്കാരനായെത്തിയ ഡാനി ഒല്‍മോ 51ാം മിനിറ്റില്‍ വലകുലുക്കിയപ്പോള്‍ 89ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍ട്സിവലൂടെ ജര്‍മനി തിരിച്ചടിച്ചു.

മത്സരത്തിലുടനീളം മികച്ച അറ്റാക്കിങ് ഫുട്ബോളാണ് ഇരുടീമുകളും പുറത്തെടുത്തത്. അധികസമയത്ത് ഗോള്‍ വഴങ്ങി ജര്‍മനി യൂറോകപ്പില്‍ നിന്ന് പുറത്തായി.

തുടക്കത്തില്‍ തന്നെ സ്‌പെയ്ന്‍ തങ്ങളുടെ പതിവുശൈലിയില്‍ ജര്‍മന്‍ ഗോള്‍മുഖത്തെ ലക്ഷ്യമാക്കി ആക്രമണമഴിച്ചുവിട്ടുകൊണ്ടിരുന്നു. ഒന്നാം മിനിറ്റില്‍ തന്നെ പെഡ്രി ഉതിര്‍ത്ത ഷോട്ട് ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ കൈയ്യിലൊതുക്കി. പിന്നാലെ എട്ടാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് പെഡ്രി കളം വിട്ടു. ഡാനി ഓല്‍മോയാണ് പകരക്കാരന്റെ റോളിലെത്തിയത്.

സ്പെയ്‌നിനായി നിക്കോ വില്യംസും യമാലും വിങ്ങുകളിലൂടെ മുന്നേറാന്‍ തുടങ്ങിയതോടെ ജര്‍മനി പ്രതിരോധത്തിലായി. പലപ്പോഴും കളി പരുക്കനായി മാറി. പന്ത് കൈവിടാതെ കളിച്ചാണ് ജര്‍മനി സ്പെയ്‌നിനെ നേരിട്ടത്.

34ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധം ഭേദിച്ച് ജര്‍മനി മുന്നേറ്റം നടത്തി. പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ബോക്സിലേക്ക് നീട്ടിയ പന്ത് കിമ്മിച്ച് ഓടിയെടുത്തു. എന്നാല്‍ താരത്തിന്റെ ക്രോസ് സമയോചിതമായ ഇടപെടലിലൂടെ സ്പെയ്ന്‍ ഗോളി ഉനായി സിമോണ്‍ കൈയ്യിലൊതുക്കി. പിന്നാലെ വീണ്ടും ജര്‍മനിയുടെ മുന്നേറ്റത്തില്‍ പിറന്ന കായ് ഹവേര്‍ട്സിന്റെ ഉഗ്രന്‍ ഷോട്ട് ഇക്കുറിയും സിമോണ്‍ തടുത്തു.

ആദ്യ പകുതിയുടെ അവസാനമിനിറ്റുകളില്‍ സ്പെയിന്‍ താരങ്ങള്‍ ജര്‍മന്‍ പെനാല്‍റ്റി ബോക്സിന് ചുറ്റും നിലയുറപ്പിച്ച് കളിച്ചു. പിന്നാലെ ഗോള്‍ പിറക്കാതെ ആദ്യ പകുതി അവസാനിച്ചു.

ആദ്യ പകുതി ആരംഭിച്ച് ആറാം മിനിട്ടില്‍ തന്നെ സ്‌പെയ്ന്‍ ലീഡ് നേടി. 51ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഡാനി ഒല്‍മോയാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങിലൂടെ മുന്നേറിയ ലാമിന്‍ യമാല്‍ ബോക്സിലേക്ക് പാസ് നല്‍കി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഒല്‍മോ ഷോട്ടുതിര്‍ത്തു. ഷോട്ട് തടയാന്‍ ന്യൂയര്‍ ഡൈവ് ചെയ്തെങ്കിലും സാധിച്ചില്ല. പന്ത് വലയിലേക്ക്.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ ജര്‍മനിയും തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മുസിയാലയും ക്രൂസും ഫള്‍ക്‌നറുമെല്ലാം പലകുറി സ്പാനിഷ് ഗോള്‍മുഖത്തെ വിറപ്പിച്ചെങ്കിലും വല കുലുക്കാനായില്ല. 69ാം മിനിട്ടിലും 77ാം മിനിട്ടിലും 82ാം മിനിട്ടിലുമെല്ലാം ജര്‍മന്‍ പടയ്ക്ക് അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല.

ഒടുവില്‍ 89ാം മിനിട്ടില്‍ സ്‌പെയ്ന്‍ സമനില ഗോള്‍ വഴങ്ങി. ഫ്‌ളോറിയന്‍ വിര്‍ട്‌സാണ് ഗോള്‍ കണ്ടെത്തിയത്.

മത്സരം സമനിലയിലായതോടെ അധിക സമയത്തേക്ക് നീണ്ടു. അധികസമയത്തും ജര്‍മനി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സ്പാനിഷ് ഗോള്‍കീപ്പറിന്റെ തകര്‍പ്പന്‍ സേവുകളാണ് സ്പെയ്‌നിനെ രക്ഷിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്‌പെയ്‌നും മുന്നേറ്റം ശക്തമാക്കി. ഒടുക്കം 119ാം മിനിറ്റില്‍ പകരക്കാരനായെത്തിയ മൈക്കല്‍ മെറിനോ ഹെഡറിലൂടെ വല കുലുക്കിയതോടെ ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ വഴങ്ങാന്‍ മടിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് കടക്കുകയും 5-3ന് ഫ്രാന്‍സ് വിജയിച്ച് കയറുകയുമായിരുന്നു.

തുടക്കം മുതല്‍ ഇരു ടീമുകളും നിരവധി ഇരു ടീമുകളും ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. പോര്‍ച്ചുഗലിന് മുമ്പില്‍ ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മയ്ഗ്നാനും ഫ്രാന്‍സിന് മുമ്പില്‍ പറങ്കിപ്പടയുടെ പ്രതിരോധ നിരയും നെഞ്ച് വിരിച്ച് നിന്നതോടെ ഗോള്‍ മാത്രം അകന്നുനിന്നു.

അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെയാണ് ഇരു ടീമും പുറത്തെടുത്തത്. 20ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ്, 28ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെല്ലാം ഗോളിന് അടുത്തെത്തിയെങ്കിലും പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡീഗോ കോസ്റ്റയെ മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കോസ്റ്റക്കൊപ്പം പ്രതിരോധ നിരയും ഉറച്ചുനിന്നതോടെ ഫ്രഞ്ച് മുന്നേറ്റ നിര വിയര്‍ത്തു.

കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി പന്ത് വലയിലെത്തിക്കാനാണ് പോര്‍ച്ചുഗല്‍ ശ്രമിച്ചത്. ഫ്രഞ്ച് പ്രതിരോധം ഈ ആക്രമണങ്ങളില്‍ ആടിയുലഞ്ഞു. ആദ്യ പകുതിയില്‍ ബോള്‍ പൊസെഷനില്‍ പോര്‍ച്ചുഗല്‍ മുന്നിട്ട് നിന്നെങ്കിലും ഫ്രാന്‍സാണ് കൂടുതല്‍ ആക്രമണഴിച്ചുവിട്ടത്.

രണ്ടാം പകുതിയില്‍ ഇരു പക്ഷവും തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. 50ാം മിനിറ്റില്‍ എംബാപ്പെയുടെ ഗോള്‍ ശ്രമം കോസ്റ്റ കൈയിലൊതുക്കി. പിന്നാലെ പോര്‍ച്ചുഗലിന്റെ കൗണ്ടര്‍ അറ്റാക്ക്. ഒരുവശത്ത് കോസ്റ്റ എപ്രകാരം നിലകൊണ്ടോ അതുപോലെ മറുവശത്ത് മയ്‌ഗ്നെനും ഉറച്ചുനിന്നതോടെ ഗോള്‍വല കുലുങ്ങിയില്ല.

67ാം മിനിട്ടില്‍ ഫ്രാന്‍സിന് ലഭിച്ച സുവര്‍ണാവസരം പാഴായി. കോലോ മുവാനിയുടെ ഷോട്ട് പോര്‍ച്ചുഗല്‍ പ്രതിരോധത്തില്‍ തട്ടി അവസാനിച്ചു. ഗ്രീസ്മാനു പകരം ഒസ്മാനെ ഡെംബലെ കളത്തിലെത്തിയതോടെ ഫ്രാന്‍സ് കൂടുതല്‍ അപകടകാരികളായി. 70ാം മിനിറ്റില്‍ കമാവിംഗ ഗോളവസരം പാഴാക്കി.

അവസാന ഘട്ടത്തിലും ഇരു ടീമുകളും കൊണ്ടു കൊടുത്തും മുന്നേറിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. നിശ്ചിത സമയത്തിന് ശേഷം മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോഴും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍ പെനാല്‍ട്ടിയില്‍ പോര്‍ച്ചുഗലിന്റെ ഒരു ഷോട്ട് പിഴച്ചത് ഫ്രാന്‍സിന്റെ വിജയം നിര്‍ണയിച്ചു.

 

ഫ്രാന്‍സിനായി കിക്കെടുത്ത തിയോ ഹെര്‍ണാണ്ടസ്, ബ്രാഡ്ലി ബര്‍ക്കോള, ജുവല്‍സ് കൗണ്ടെ, യൂസുഫ് ഫൊഫാന, ഒസ്മാനെ ഡംബലെ എന്നിവര്‍ ലക്ഷ്യം കണ്ടു.

പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബെര്‍ണാഡോ സില്‍വ, ന്യൂനോ മെന്‍ഡസ് എന്നിവരാണ് വല കുലുക്കിയത്. മൂന്നാം കിക്കെടുത്ത ജാവോ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തു പോകുകയായിരുന്നു.

 

Content Highlight: Euro Cup 2024: Spain and France qualified for semi finals