യൂറോ കപ്പിൽ തരംഗമായി ബുണ്ടസ് ലീഗയും ജർമൻ ക്ലബ്ബുകളും; വമ്പൻ നേട്ടത്തിൽ നമ്പർ വൺ
Football
യൂറോ കപ്പിൽ തരംഗമായി ബുണ്ടസ് ലീഗയും ജർമൻ ക്ലബ്ബുകളും; വമ്പൻ നേട്ടത്തിൽ നമ്പർ വൺ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 12:14 pm

2024 യൂറോപ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീണിരിക്കുകയാണ്. സ്‌പെയ്ന്‍ ആയിരുന്നു യൂറോ കപ്പ് കിരീടം ചൂടിയത്.. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട യൂറോപ്പിലെ രാജാക്കന്‍മാരായത്.

സ്‌പെയ്‌നിന്റെ നാലാമത്തെ യൂറോപ്യന്‍ കിരീടമാണിത്. ഇതിനുമുമ്പ് 1964, 2008, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു സ്പാനിഷ് പട യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്.

ഇതോടെ ഏറ്റവും കൂടുതല്‍ തവണ യൂറോ കിരീടം സ്വന്തമാക്കുന്ന ടീമായി മാറാനും സ്‌പെയ്‌നിന് സാധിച്ചിരുന്നു. മൂന്ന് തവണ കിരീടം നേടിയ ഇറ്റലിയെയും ജര്‍മനിയെയും മറികടന്നു കൊണ്ടായിരുന്നു സ്‌പെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇപ്പോഴിതാ മറ്റൊരു യൂറോ കപ്പ് കൂടി അന്ത്യം കുറിക്കുമ്പോള്‍ ഈ ടൂര്‍ണമെന്റിലുടനീളം എല്ലാ ടീമുകളും നേടിയ ഗോളുകളുടെ കണക്കുകളാണ് ഏറെ പ്രസക്തമാകുന്നത്.

യൂറോകപ്പിന്റെ പതിനേഴാം എഡിഷനില്‍ 51 മത്സരങ്ങളില്‍ നിന്നും
117 ഗോളുകളാണ് ടീമുകള്‍ അടിച്ചുകൂട്ടിയത്. ഇത്രയധികം ഗോളുകളില്‍ നിന്നും യൂറോപ്യന്‍ ടോപ് ഫൈവ് ലീഗില്‍ കളിക്കുന്ന താരങ്ങള്‍ നേടിയ ഗോളുകളുടെ കണക്കും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

ലീഗിന്റെ അടിസ്ഥാനത്തില്‍ ഗോളുകളുടെ എണ്ണം നോക്കുകയാണെങ്കില്‍ ഈ യൂറോ കപ്പിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നത് ബുണ്ടസ് ലീഗയില്‍ നിന്നുമായിരുന്നു. 26 ഗോളുകളാണ് ബുണ്ടസ്‌ലീഗയില്‍ കളിക്കുന്ന താരങ്ങള്‍ യൂറോയില്‍ അടിച്ചുകൂട്ടിയത്.

16 ഗോളുകളോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലാലിഗയും ജര്‍മന്‍ ലീഗിന് പുറകിലുണ്ട്. 15 ഗോളുകളോടെ ഇറ്റാലിയന്‍ സിരി എയും ഒമ്പത് ഗോളുകളോട് ഫ്രഞ്ച് ലീഗും ആണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടോപ് ഫൈവ് ലീഗിലെ ക്ലബ്ബിലെ താരങ്ങളുടെ കണക്കുകളിലും മുന്‍പന്തിയില്‍ ഉള്ളത് ജര്‍മന്‍ ടീമുകളാണ്. ബൊറൂസിയ ഡോര്‍ട്മുണ്ടും ബയേണ്‍ മ്യൂണിക്കും ആണ്. ആറ് വീതം ഗോളുകളാണ് ഈ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ നേടിയത്.

ഇവർക്ക് പിന്നിൽ അഞ്ച് വീതം ഗോളുകള്‍ നേടിയ ജര്‍മന്‍ ടീം ആര്‍.ബി ലെപ്‌സിഗ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനുമാണ് ഉള്ളത്.

യൂറോ കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ആറ് താരങ്ങള്‍ക്ക് സംയുക്തമായി നല്‍കുകയായിരുന്നു. മൂന്ന് ഗോളുകള്‍ വീതം നേടിയ കോഡി ഗാക്പോ (നെതര്‍ലാന്‍ഡ്സ്), ഹാരി കെയ്ന്‍(ഇംഗ്ലണ്ട്), ജമാല്‍ മുസിയാല(ജര്‍മനി), ഡാനി ഓല്‍മോ (സ്‌പെയ്ന്‍), ഇവാന്‍ ശ്രാന്‍സ് (സ്ലോവാക്യ), ജോര്‍ജ് മികൗതാഡ്‌സെ (ജോര്‍ജിയ) എന്നീ താരങ്ങളാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

 

Content Highlight: Euro Cup 2024 Goals Records in Top Five League Europe