നിങ്ങളുടെ പിന്തുണ ടീമിന് വേണ്ട; ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെയുണ്ടായ വംശീയാധിക്ഷേപത്തെ അപലപിച്ച് എഫ്.എ
EURO CUP 2021
നിങ്ങളുടെ പിന്തുണ ടീമിന് വേണ്ട; ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെയുണ്ടായ വംശീയാധിക്ഷേപത്തെ അപലപിച്ച് എഫ്.എ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th July 2021, 10:19 pm

ലണ്ടന്‍: യൂറോ കപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെയുണ്ടായ വംശീയാധിക്ഷേപത്തെ അപലപിച്ച് എഫ്.എ. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും എഫ്.എ. പറഞ്ഞു.

”എല്ലാത്തരം വിവേചനങ്ങളെയും എഫ്.എ. ശക്തമായി അപലപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളുടെ ചില കളിക്കാരെ ലക്ഷ്യം വച്ചുള്ള ഓണ്‍ലൈന്‍ വര്‍ഗീയത ഭയപ്പെടുത്തുന്നു” എഫ്.എ. പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം മ്ലേച്ഛമായ പെരുമാറ്റത്തിന് പിന്നിലുള്ള ആരുടെ പിന്തുണയും ടീമിന് വേണ്ട. ഇത് ബാധിച്ച കളിക്കാരെ തങ്ങള്‍ പിന്തുണക്കുന്നുവെന്നും എഫ്.എ. അറിയിച്ചു.

തങ്ങളുടെ കളിക്കാരെ അധിക്ഷേപിച്ചതിനെ അപലപിച്ച് ഇംഗ്ലണ്ട് ടീമും പ്രസ്താവന ഇറക്കിയിട്ടുണ്ട്.


യൂറോ കപ്പ് 2020 ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ട് നഷ്ടപ്പെടുത്തിയ മാര്‍ക്കസ് റക്‌സ്‌ഫോര്‍ഡ്, ജാദോണ്‍ സാഞ്ചോ, ബുക്കായോ സാക്ക് തുടങ്ങിയ താരങ്ങളെയാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.

മത്സരം അധിക സമയത്തിന് ശേഷവും 1-1 എന്ന സമനിലയില്‍ ആയതോടെയാണ് പെനാല്‍റ്റിയിലേക്ക് കടന്നത്. പെനാല്‍റ്റിയില്‍ 3-2 നു ഇറ്റലി ജയിക്കുകയും ചെയ്തു.