| Tuesday, 19th June 2012, 9:20 am

സ്‌പെയിനും ഇറ്റലിയും ക്വാര്‍ട്ടര്‍ ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാഡന്‍സ്‌ക് (പോളണ്ട്) : സ്‌പെയിനും ഇറ്റലിയും യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ഉറപ്പാക്കി. ആവേശകരമായ പോരാട്ടത്തില്‍ സ്‌പെയിന്‍ 1-0ന് ക്രൊയേഷ്യയെയും ഇറ്റലി 2-0ന് അയര്‍ലന്‍ഡിനെയും കീഴ്‌പ്പെടുത്തിയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി അവസാന എട്ടിലെത്തുന്നത്.

സ്‌പെയിന്‍- ക്രൊയേഷ്യ മല്‍സരം 2-2 സമനിലയില്‍ തീര്‍ന്നാല്‍ ജയിച്ചതു കൊണ്ടും പ്രയോജനമില്ലെന്ന അവസ്ഥയിലാണ് ഇറ്റലി അയര്‍ലന്‍ഡിനെ നേരിടാനിറങ്ങിയത്. എന്നാല്‍, സ്‌പെയിനും ക്രൊയേഷ്യയും പ്രതിരോധത്തിലൂന്നി കളിച്ചതോടെ ഇറ്റലിക്കു വഴി തുറക്കുകയായിരുന്നു. ആദ്യപകുതിയില്‍ത്തന്നെ ലീഡ് നേടാനായതും ഇറ്റലിക്കു ഗുണം ചെയ്തു.

87-ാം മിനിറ്റില്‍, പകരക്കാരന്‍ ജീസസ് നവാസ് ആണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ അന്റോണിയോ കസാനോ ഇറ്റലിയെയും മുന്നിലെത്തിച്ചു.

ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇറ്റലി 1-0ന് മുന്നില്‍. സ്‌പെയിന്‍ – ക്രൊയേഷ്യ മല്‍സരം ഗോള്‍രഹിത സമനില. ഒരു ഗോള്‍ കൂടി ലീഡ് വര്‍ധിപ്പിക്കാനായിരുന്നു രണ്ടാം പകുതിയില്‍ ഇറ്റലിയുടെ ശ്രമം

ശക്തമായ പ്രതിരോധത്തിനു മുന്നില്‍ സ്‌പെയിനിന്റെ മുന്നേറ്റനിര ദുര്‍ബലമാകുന്നതാണു ക്രൊയേഷ്യയ്ക്ക് എതിരെയും കണ്ടത്. സ്‌പെയിനിന്റെ ടിക്കി ടാക്കയ്ക്കു പൂട്ടിടാന്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ഏറെ പാടുപെട്ടു.

ഫാബ്രിഗാസ് ഉയര്‍ത്തി നല്‍കിയ ഒരു പന്തില്‍നിന്നായിരുന്നു സ്‌പെയിന്‍ ഗോളിന്റെ പിറവി. ഫാബ്രിഗാസ് ഉയര്‍ത്തി വിട്ട പന്ത് ഓവര്‍ലാപ് ചെയ്തു കയറിയ ഇനിയേസ്റ്റ ജീസസ് നവാസിനു മറിച്ചു.ക്രൊയേഷ്യന്‍ ഗോളി സ്‌റ്റൈപ് പെറ്റികോസ്റ്റയെ കാഴ്ചക്കാരനാക്കി ജീസസ് നവാസ് സ്‌പെയിനിന്റെ വിജയത്തിലേക്കു പന്തടിച്ചു കയറ്റി (1-0).

ഒന്നു വീതം വിജയവും സമനിലയും തോല്‍വിയുമായി ക്രൊയേഷ്യയും ഒരു കളി പോലും ജയിക്കാതെ അയര്‍ലന്‍ഡും യൂറോയ്ക്കു പുറത്തായി.

We use cookies to give you the best possible experience. Learn more