കീവ് (യുക്രെയ്ന്‍): ഇംഗ്ലണ്ടിനെ അടിയറവ് പറയിപ്പിച്ച് ഇറ്റലി യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ കടന്നു. നിശ്ചിതസമയത്തും അധികസമയത്തും ഗോളകന്നുനിന്ന മത്സരത്തില്‍ 4-2നായിരുന്നു ഇറ്റലിയുടെ വിജയം. 90 മിനിറ്റു കളിയിലും 30 മിനിറ്റ് എക്‌സ്ട്രാ ടൈമിലും ഗോള്‍രഹിത സമനിലയായതിനെത്തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. ഇംഗ്ലണ്ട് താരങ്ങളായ ആഷ്‌ലി യങ്, ആഷ്‌ലി കോള്‍ എന്നിവര്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി. ഇറ്റലിക്കായി രണ്ടാമത്തെ കിക്ക് എടുത്ത മോണ്ടിലിവോ കിക്ക് നഷ്ടപ്പെടുത്തിയെങ്കിലും പിന്നീടായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടു കിക്കുകള്‍ പുറത്തേക്കു പോയത്.
27ന് നടക്കുന്ന ആദ്യസെമിയില്‍ പോര്‍ചുഗല്‍ സ്‌പെയിനുമായും 28ന് ജര്‍മനി ഇറ്റലിയുമായും ഏറ്റുമുട്ടും. കളി തുടങ്ങി ആവേശത്തിലെത്തുന്നതിനുമുന്നെ ഇരുടീമുകള്‍ക്കും ഓരോ അവസരങ്ങള്‍ വീതം ലഭിച്ചിരുന്നെങ്കിലും ഇരു ടീമുകള്‍ക്കും അത് ഗോളാക്കാന്‍ സാധിച്ചില്ല.
മൂന്നാം മിനിറ്റില്‍ ഡാനിയേല്‍ ഡി റോസിയുടെ 25 മീറ്റര്‍ പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ട് ഗോള്‍ബാറില്‍ത്തട്ടി പുറത്തേക്കു തെറിച്ചു. ഇഞ്ചുകളുടെ വ്യത്യാസം കൊണ്ടു മാത്രം ഇറ്റലിക്കു ലീഡ് നഷ്ടപ്പെട്ടു. രണ്ടു മിനിറ്റിനു ശേഷം ഗ്ലെന്‍ ജോണ്‍സന്റെ തകര്‍പ്പന്‍ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ല്യൂജി ബുഫണ്‍ രക്ഷപ്പെടുത്തി.
തൊട്ടുപിന്നാലെ വെയ്ന്‍ റൂണിയുടെ ഡൈവിങ് ഹെഡര്‍ പാഴായി. മാരിയോ ബലോറ്റെല്ലി ഗോളിലേക്കു നടത്തിയ കുതിപ്പ് ജോണ്‍ ടെറി നിഷ്പ്രഭമാക്കി. അന്റോണിയോ കസാനോയുടെ തകര്‍പ്പന്‍ ഷോട്ട് ഇംഗ്ലിഷ് ഗോളി ജോ ഹാര്‍ട് തടഞ്ഞിട്ടു.
പതിനാലാം മിനിറ്റില്‍ ഇറ്റാലിയന്‍ പ്രതിരോധത്തെ തകര്‍ത്ത് ഇംഗ്ലണ്ട് വീണ്ടും ഇറ്റാലിയന്‍ ഗോള്‍മുഖത്തെത്തി. ഗ്ലെന്‍ ജോണ്‍സണിന്റെ ക്രോസില്‍ വെയ്ന്‍ റൂണി തലവെച്ചെങ്കിലും പന്ത് ഉയര്‍ന്നുപോയി. 25ാം മിനിറ്റില്‍ എതിര്‍ഗോള്‍മുഖത്ത് മരിയോ ബലോട്ടെല്ലിയും ഗോള്‍ പ്രതീക്ഷ അസ്ഥാനത്താക്കി.
ഗോളുകള്‍ അടിച്ചുകൂട്ടാന്‍ നിരധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചിരുന്നെങ്കിലും അത് പാഴാക്കുന്നതില്‍ ടീമുകള്‍ മത്സരിക്കുകയായിരുന്നു. ഗോളിനായി പല നീക്കങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കളിയുടെ ആദ്യ പകുതി വിരസമായാണ് കടന്നുപോയത്.
രണ്ടാം പകുതിയ്ക്കുശേഷം ഇറ്റലി പല അവസരങ്ങളും നഷ്ടപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ ഡാനിയേലെ ഡി റോസി 30 വാര അകലെനിന്നെടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ തുടരെ മൂന്നവസരങ്ങളാണ് ഇറ്റലിക്ക് നഷ്ടമായത്. ഡി റോസിയുടെ ലോങ് റേഞ്ചര്‍ ഇംഗ്ലണ്ട് ഗോളി ഹാര്‍ട്ട് തട്ടിത്തെറിപ്പിച്ചെങ്കിലും പന്തെത്തിയത് ബലോട്ടെല്ലിയുടെ കാലിലാണ് പന്ത് പതിച്ചത്.