|

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അതിക്രമം; ഐ.സി.ജെ ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ വെസ്റ്റ് ബാങ്കില്‍ അതിക്രമം വര്‍ധിപ്പിച്ച ഇസ്രഈല്‍ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍. ഫലസ്തീന്‍-ഇസ്രഈല്‍ വിഷയത്തില്‍ പുറപ്പെടുവിച്ച മുഴുവന്‍ ഉത്തരവുകളും പൂര്‍ണമായും നടപ്പിലാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.

വെസ്റ്റ് ബാങ്കില്‍ ഗുരുതരമായ നിയമലംഘനങ്ങളാണ് നടക്കുന്നതെന്നും അതിക്രമങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ലോട്ടെ ക്‌നുഡ്സ് പറഞ്ഞു.

ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വകുപ്പ് മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ഫലസ്തീനുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോട്ടെയുടെ പ്രതികരണം.

വെടിനിര്‍ത്തലിന് ശേഷം ഗസയിലേക്ക് വലിയ തോതില്‍ മാനുഷിക സഹായമെത്തിയെന്നും ലോട്ടെ പറഞ്ഞു. അക്കാര്യത്തില്‍ സമാധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസയില്‍ സഹായങ്ങള്‍ എത്തിക്കുന്നതില്‍ അനര്‍വയ്ക്ക് വലിയ പങ്കുണ്ടെന്നും ലോട്ടെ ചൂണ്ടിക്കാട്ടി.

എന്നാല്‍ കിഴക്കന്‍ ജെറുസലേമില്‍ ഉള്‍പ്പെടെ നടക്കുന്ന ഇസ്രഈല്‍ അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇ.യു അംബാസിഡര്‍ പ്രതികരിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംവിധാനങ്ങളുമായി ഇസ്രഈല്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2023 ഡിസംബര്‍ 31ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക വംശഹത്യാ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് മെസ്‌കിക്കോ, ലിബിയ, ഫലസ്തീന്‍, സ്പെയിന്‍, കൊളംബിയ, നിക്കരാഗ്വ തുടങ്ങിയ രാജ്യങ്ങള്‍ കേസില്‍ കക്ഷി ചേരുകയോ കേസിനെ പിന്തുണക്കുകയോ ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഗസയിലെ സൈനിക നടപടി ഇസ്രഈലി ഭരണകൂടം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നു. ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനായി റഫയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഹരജിയില്‍ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങളില്‍ ഐക്യരാഷ്ട്ര സഭയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര കോടതി പറഞ്ഞിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര കോടതിയുടെ നിര്‍ദേശങ്ങളെ മാനിക്കാതെയാണ് ഇസ്രഈല്‍ ഇപ്പോഴും ഫലസ്തീനില്‍ ആക്രമണം നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ തീവ്രവാദം ചെറുക്കുക എന്നതാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്തിടെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം, 2025ല്‍ മാത്രമായി ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 70ഓളം മരണം രേഖപ്പെടുത്തിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച യുദ്ധത്തിനിടെ വെസ്റ്റ് ബാങ്കില്‍ 923 പലസ്തീനികള്‍ കൊല്ലപ്പെടുകയും 7000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: EU urges implementation of ICJ orders, condemns West Bank escalation

Video Stories