|

എതിര്‍ദിശയില്‍ സഞ്ചരിച്ചാല്‍ നടപടി; സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: സിറിയക്കെതിരായ ഉപരോധങ്ങള്‍ താത്കാലികമായി പിന്‍വലിച്ച് യൂറോപ്യന്‍ യൂണിയന്‍. തിങ്കളാഴ്ച ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ എണ്ണ, വാതകം, വൈദ്യുതി എന്നിവ ഉള്‍പ്പെടുന്ന ഊര്‍ജ മേഖലയിലെ നിയന്ത്രണങ്ങളും ഗതാഗത മേഖലയിലെ ഉപരോധങ്ങളും താത്കാലികമായി പിന്‍വലിക്കാന്‍ ഇ.യു വിദേശകാര്യമന്ത്രിമാര്‍ തീരുമാനിച്ചു.

സിറിയയിലെ അഞ്ച് ബാങ്കുകളുടെ ആസ്തി മരവിപ്പിച്ച തീരുമാനവും യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചു. സിറിയന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഇ.യു വെട്ടിക്കുറച്ചു. വ്യക്തിഗത ഉപയോഗത്തിനായി സിറിയയിലേക്ക് ആഡംബര വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും ലഘൂകരിക്കുമെന്നാണ് വിവരം.

സിറിയയിലെ അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതോടെയാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. നേരത്തെ സിറിയയുടെ ആയുധ വ്യാപാരം, സോഫ്റ്റ് വെയര്‍ എന്നീ മേഖലകളില്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ വിവിധ ഉപരോധങ്ങള്‍ യൂണിയന്‍ ഇപ്പോഴും തുടരുന്നുണ്ട്.

2024 ഡിസംബറില്‍ ബാഷല്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് ഹയാത്ത് തെഹ്രീര്‍ അല്‍ ഷാം തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനി സിറിയന്‍ ഭരണം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ യൂണിയന്‍ ഇളവ് വരുത്തിയത്.

എന്നാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സിറിയ മടിക്കുകയാണെങ്കില്‍ ഉപരോധങ്ങള്‍ പഴയപടിയാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്തിടെ സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനി യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിമുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഷിബാനി ആവശ്യം ഉന്നയിച്ചത്.

ചൊവ്വാഴ്ച മുതല്‍ ദേശീയ സംഭാഷണ സമ്മേളനം സംഘടിപ്പിക്കാന്‍ സിറിയയിലെ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനാ ചട്ടക്കൂട്, സാമ്പത്തിക മാര്‍ഗരേഖ, സ്ഥാപന പരിഷ്‌കരണത്തിനുള്ള പദ്ധതി തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് സമ്മേളനം.

നേരത്തെ സിറിയയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇനിയും നാല് വര്‍ഷം കാത്തിരിക്കണമെന്ന് ജുലാനി അറിയിച്ചിരുന്നു. രാജ്യത്ത് യോഗ്യരായ വോട്ടര്‍മാരുടെ എണ്ണം കൃത്യമായി മനസിലാക്കി പുതിയ സെന്‍സസ് നടത്തേണ്ടതിനാല്‍ നാല് വര്‍ഷത്തെ സാവകാശം വേണമെന്നും ജുലാനി പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് പുറമെ പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ മൂന്ന് വര്‍ഷം വരെ എടുക്കുമെന്നും ജുലാനി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: EU suspends sanctions against Syria, including those on energy, banking

Video Stories