ബ്രസല്‍സ്: ഗസയിലെ ഇസ്രഈലിന്റെ ശത്രുത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍. ഫലസ്തീനിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അതിനായുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബോറെല്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ സന്ദര്‍ശനത്തിനിടെയാണ് ബോറെലിന്റെ പ്രതികരണം.
ഇസ്രഈല്‍-ഹമാസ് വിഷയത്തില്‍ ആഗോള തലത്തില്‍ ഒരു തീരുമാനം എടുത്തില്ലെങ്കില്‍ ഇരു രാജ്യങ്ങളിലും സുസ്ഥിര സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയില്ലെന്ന് ബോറെല്‍ ചൂണ്ടിക്കാട്ടി. നിലവിലെ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര രൂപീകരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരന്തവും ഈ സംഘര്‍ഷം വ്യാപിക്കുന്നതിന്റെ അപകടസാധ്യതകളും തീര്‍ച്ചയായും ലോക രാഷ്ട്രങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഏറ്റവും അടിയന്തര ഭൗമരാഷ്ട്രീയ പ്രശ്നമെന്നും ബോറെല്‍ പറഞ്ഞു.
ജനുവരി 22ന് നടക്കുന്ന വിദേശകാര്യ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും അറബ് ലീഗിന്റെ സെക്രട്ടറി ജനറലിനെയും ക്ഷണിച്ചതായി ബോറെല്‍ വ്യക്തമാക്കി. കൗണ്‍സിലിലേക്ക് ഇസ്രഈലിന്റെയും ഫലസ്തീനിന്റെയും വിദേശകാര്യ മന്ത്രിമാരെയും ക്ഷണിച്ചതായി അദ്ദേഹം പറഞ്ഞു.
ഇത് യൂറോപ്യന്‍ രാജ്യങ്ങളും പ്രധാന പ്രാദേശിക നേതാക്കളും തമ്മിലുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നും പശ്ചിമേഷ്യയിലെ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കാരണമാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി സൂചിപ്പിച്ചു.
നിലവില്‍ യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര സമൂഹവും ഗസയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ രാജ്യങ്ങള്‍ക്കിടയിലുള്ള സമവായത്തിന്റെ അഭാവം ഗസയില്‍ യൂണിയനെ ദുര്‍ബലപ്പെടുത്തുകയും പ്രശ്‌ന പരിഹാരത്തിനായി സ്വാധീനം ചെലുത്തുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുകയും ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: EU says it’s time to end Israel’s hostility