സ്റ്റോക്ക്ഹോം: കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ഓൺലൈൻ സ്കൂൾ സീസൺ പരസ്യം പിൻവലിച്ച് സ്വീഡിഷ് വസ്ത്ര ബ്രാൻഡ് എച്ച്&എം.
ബ്ലാക്ക് ആൻഡ് വൈറ്റ് യൂണിഫോമും പിങ്ക് നിറത്തിലുള്ള ബാഗും ധരിച്ച രണ്ട് പെൺകുട്ടികളെയാണ് ഓസ്‌ട്രേലിയയിലെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച പരസ്യത്തിൽ കാണിക്കുന്നത്. ഇതിൽ പരസ്യവാചകം ‘എച്ച്&എം ബാക്ക് ടു സ്കൂൾ ഫാഷനിലൂടെ ആളുകൾ നിങ്ങൾക്ക് നേരെ തല തിരിക്കട്ടെ’ (Make those heads turn in H&M’s Back to School Fashion) എന്നാണ്.
പരസ്യത്തിൽ ഉപയോഗിച്ച ഫോട്ടോയും ടാഗ്‌ലൈനും അനുചിതമാണെന്നും കുട്ടികളെ ചൂഷണം ചെയ്യുകയാണെന്നും നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നു.
‘തങ്ങളുടെ മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ ആളുകൾ അവർക്ക് നേരെ തല തിരിക്കേണ്ട എന്നാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ചെറിയ പെൺകുട്ടികൾ അവരുടെ ശരീരത്തിലേക്കും സ്റ്റൈലിലേക്കും ശ്രദ്ധ ആകർഷിക്കണം എന്ന ആശയം ആളിക്കത്തിക്കുന്നത് എന്തിനാണ്?’ ഓസ്‌ട്രേലിയൻ മനുഷ്യാവകാശ പ്രവർത്തക മെലിൻഡ തൻകാർഡ് റീസ്റ്റ് എക്‌സിൽ കുറിച്ചു.
വിമർശനങ്ങൾക്ക് പിന്നാലെ എച്ച്&എം പരസ്യം പിൻവലിച്ചു.
‘ഈ പരസ്യം ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു. പരസ്യം കൊണ്ട് നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു. മുന്നോട്ട് പോകുമ്പോൾ പരസ്യങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്നത് ഞങ്ങൾ ശ്രദ്ധിക്കും,’ കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
തെറ്റ് മനസിലാക്കി എച്ച്&എം പരസ്യം പിൻവലിച്ചതിൽ സന്തോഷമുണ്ടെങ്കിലും ആദ്യം തന്നെ അവർ ആ പരസ്യം സൃഷ്ടിക്കാൻ പാടില്ലായിരുന്നു എന്നും ചിലർ പറഞ്ഞു.
Content Highlight: EU retail giant H&M accused of ‘sexualizing children’