ന്യൂദല്‍ഹി: കശ്മീരില്‍ സന്ദര്‍ശനം നടത്താന്‍ പ്രതിപക്ഷത്തെയും അനുവദിക്കണമെന്ന് കേന്ദ്രത്തോട് യൂറോപ്യന്‍ പ്രതിനിധി സംഘത്തിലെ അംഗം. യൂറോപ്യന്‍ യൂണിയന്‍ എം.പി നിക്കോളാസ് ഫെസ്റ്റ് ആണ് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചത്.
‘നിങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ കശ്മീര്‍ സന്ദര്‍ശനത്തിന് അനുവദിച്ചല്ലോ. ഇന്ത്യന്‍ പ്രതിപക്ഷത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം. ഇവിടെ ചില അസന്തുലിതാവസ്ഥയുണ്ട്. സര്‍ക്കാര്‍ അത് തീര്‍ച്ചയായും പരിഗണിക്കണം’, നിക്കോളാസ് ഫെസ്റ്റ് പറഞ്ഞു. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
യൂറോപ്യന്‍ യൂണയനിലെ 23 അംഗ സംഘമാണ് ചൊവ്വാഴ്ച താഴ്വരയിലെത്തിയത്. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘം ആദ്യമായാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
കുല്‍ഗാമിലെ കത്രാസൂ ഗ്രാമത്തില്‍ തീവ്രവാദികള്‍ ആറ് കശ്മീര്‍ ഇതര തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനവും.
യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനെിതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആളുകള്‍ സ്വയം ഉപരോധം തീര്‍ക്കുകയും കടകള്‍ അടച്ചുപൂട്ടിയുമായിരുന്നു കശ്മീരിലെ ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.