ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യം മാത്രമാണ് സമാധാനത്തിലേക്കുള്ള ഏകമാർഗം: യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി
World News
ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യം മാത്രമാണ് സമാധാനത്തിലേക്കുള്ള ഏകമാർഗം: യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 12:21 pm

ബെയ്റൂട്ട് : ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കുന്നത് മാത്രമായിരിക്കും ഇസ്രഈൽ-ഫലസ്തീൻ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനുമുള്ള ഏകമാർഗമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറൽ.

യൂറോപ്യൻ-അറബ് രാജ്യങ്ങൾ മുൻകൈയെടുത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, രണ്ടു സ്വതന്ത്ര രാജ്യങ്ങൾ എന്ന പരിഹാരത്തിനു വേണ്ടി പ്രവർത്തിക്കാനുമാണ് തനിക്ക് ആഗ്രഹമെന്നും ജോസഫ് ബോറൽ പറഞ്ഞു.

ലബനീസ് പ്രധാനമന്ത്രി ശനിയാഴ്ച ബെയ്റൂട്ടിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ആയിരുന്നു ബോറൽ ഇക്കാര്യം അറിയിച്ചത്.

ഫലസ്തീൻ എന്ന പുതിയ രാജ്യം ഉണ്ടാക്കുന്നത് ഫലസ്തീൻ ജനതയ്ക്ക് പുതിയൊരു പ്രതീക്ഷയാണ് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.

അറേബ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം ഈ ലക്ഷ്യത്തിന് അനിവാര്യമാണെന്നും കൂടാതെ ലെബനനെ ഇസ്രഈൽ-ഫലസ്തീൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽ ആരും വിജയിക്കുന്നില്ല എന്ന സന്ദേശം താൻ ഇസ്രഈലിന് അയക്കുന്നു എന്ന് പറഞ്ഞ ബോറൽ നയതന്ത്രത്തിലൂടെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ ഏഴു മുതൽ ലെബനിലെ ഹിസ്ബുള്ള സംഘടന ഇറാന്റെ സഹായത്തോടുകൂടി ഇസ്രഈലിനെതിരെ യുദ്ധം ചെയ്യുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രഈലിന്റെ ഭാഗത്ത് നിന്നും ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തി കേന്ദ്രത്തിൽ ഉണ്ടായ പ്രത്യാക്രമണത്തിൽ ഹമാസ് ഉപ നേതാവ് സാലിഹ്‌-അൽ-അരൂരി കൊല്ലപ്പെട്ടിരുന്നു.

ഇസ്രഈൽ ഇതുവരെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്രഈലാണ് ഇതിന് പിന്നിൽ എന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

കൂടാതെ പ്രശ്നത്തിന് ഉടനെ പരിഹാരം കാണുന്നതിനും, സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾക്കായി താൻ ഞായറാഴ്ച സൗദി അറേബ്യ സന്ദർശിക്കുമെന്ന് ജോസഫ് ബോറലും അറിയിച്ചു.

Content Highlights: EU foreign policy chief says Palestinian state only way to peace