| Monday, 28th October 2019, 6:30 pm

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം നാളെ കശ്മീര്‍ സന്ദര്‍ശിക്കും; മോദിയുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച്ച നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ 28 അംഗപ്രതിനിധി സംഘം ചൊവ്വാഴ്ച ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രതിനിധി സംഘം ഇന്ന് കൂടിക്കാഴ്ച്ച നടത്തി.

ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ഭാഗികമായ സ്വയംഭരണ പദവി റദ്ദാക്കാനുള്ള ന്യൂദല്‍ഹിയുടെ തീരുമാനവും പ്രതിനിധി സംഘം കൂടിക്കാഴ്ച്ചക്കിടെ ചര്‍ച്ച ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ വിദേശ സംഘമാണ് യൂറോപ്യന്‍ യൂണിയന്‍.

ഈ മാസം ആദ്യം യു.എസ് സെനറ്റര്‍ ക്രിസ്വാന്‍ ഹോളന്‍ കശ്മീര്‍ താഴ്‌വര സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി സ്വാഗതം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം താഴ്‌വരയില്‍ ഇപ്പോഴും പൂര്‍ണമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ല. അതേസമയം പ്രതിനിധിസംഘത്തിന് ജനങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായും പൊതുപ്രവര്‍ത്തകരുമായും സംവദിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മെഹ്ബൂബ മുഫ്ത്തി പറഞ്ഞു. കശ്മീരിനും ലോകത്തിനുമിടയിലുള്ള ഇരുമ്പുമറ നീക്കം ചെയ്യേണ്ടതുണ്ടെന്നും മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more