ബെര്‍ലിന്‍: അമേരിക്ക, ചൈന വിപണികളോട് മത്സരിച്ച് നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ അടുത്ത വര്‍ഷങ്ങളില്‍ തന്നെ തകര്‍ന്നേക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബെര്‍ലിനിലെ ഗ്ലോബല്‍ ഡയലോഗ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ 27 രാജ്യങ്ങളേക്കാള്‍ സാമ്പത്തിക ഉത്പാദനത്തിലും നിക്ഷേപത്തിലും ഏറെ മുന്നിലാണ് വാഷിങ്ടണും ബെയ്ജിങ്ങും എന്ന് അഭിപ്രായപ്പെട്ട മാക്രോണ്‍ യൂറോപ്യന്‍ യൂണിയന്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അത് പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.
‘നമ്മുടെ പഴയ മോഡല്‍ അവസാനിച്ചു. അമിത നിയന്ത്രണങ്ങളും നിക്ഷേപത്തിലെ കുറവും കാരണം നമ്മള്‍ നാശത്തിന്റെ വക്കിലാണ്. ഇനി വരാനിരിക്കുന്ന രണ്ട്, മൂന്ന് വര്‍ഷങ്ങളിലും നമ്മള്‍ ഈ ക്ലാസിക്കല്‍ അജണ്ട പിന്തുടര്‍ന്നാല്‍ ഇ.യു വിപണിയില്‍ നിന്ന് പുറത്ത് പോവും. യൂറോപ്യന്‍ യൂണിയന്‍ മരണത്തിന്റെ വക്കിലാണ്,’ മാക്രോണ്‍ പറഞ്ഞു.
അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ മറ്റ് പ്ലാനുകള്‍ നടപ്പിലാക്കുന്നതില്‍ തങ്ങള്‍ നിര്‍ബന്ധിതരാകും എന്നും മാക്രോണ്‍ പറഞ്ഞു.
ഇത് പരിഹരിക്കുന്നതിനായി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളോട് ആഗോള വ്യാപാരങ്ങളില്‍ ഏര്‍പ്പെടാനും സമ്മര്‍ദം ചെലുത്താനും മാക്രോണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു അംഗരാജ്യമായ ബ്രസ്സല്‍സിനോട് സാമ്പത്തിക നിയമങ്ങളുടെ ബാങ്കിങ് യൂണിയന്‍ പാക്കേജ് ഉടന്‍ പൂര്‍ത്തിയാക്കാനും ഫ്രഞ്ച് പ്രസിഡന്റ് നിര്‍ദേശിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം മുന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റും ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായ മരിയോ ഡ്രാഗി പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ടുമായി സാമ്യമുള്ളതായിരുന്നു മാക്രോണിന്റെ പരാമര്‍ശങ്ങള്‍.
ഡ്രാഗിയുടെ 400 പേജുള്ള റിപ്പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നതായും അതിവേഗത്തില്‍ അത് പരിഹരിച്ചില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയോടും യു.എസിനോടും ചേര്‍ന്ന് നില്‍ക്കേണ്ടത് ഈ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമാണെന്നും എന്നാല്‍ പരാജയപ്പെടുകയാണെന്നും ഡ്രാഗി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ഇരു രാജ്യങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ 890 ബില്യണ്‍ ഡോളര്‍ വാര്‍ഷിക നിക്ഷേപം ഇ.യുവിന് ആവശ്യമാണെന്നും ഡ്രാഗി നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.
Content Highlight: EU could die if necessary actions shouldn’t taken says Immanuel Macron