| Wednesday, 17th April 2024, 8:23 am

ഇറാനെ ഉപരോധത്തിലാക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ സമ്മര്‍ദം ചെലുത്തി അംഗരാജ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസല്‍സ്: ഇസ്രഈലിനെതിരായ ആക്രമണത്തില്‍ ഇറാനെ ഉപരോധത്തിലാക്കാന്‍ യൂറോപ്യന്‍ യൂണിയനെ സമ്മര്‍ദത്തിലാക്കി അംഗരാജ്യങ്ങള്‍. ഇറാനെതിരായ ഉപരോധം വര്‍ധിപ്പിക്കാന്‍ ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.

ഇസ്രഈലിനെതിരായ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര വീഡിയോ കോണ്‍ഫറന്‍സിന് ശേഷമാണ് ബോറെല്‍ ഈക്കാര്യം പുറത്തുവിട്ടത്.

അംഗരാജ്യങ്ങളുടെ നിര്‍ദേശമനുസരിച്ച് ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് ജോസെപ് ബോറെല്‍ ചൊവ്വാഴ്ച അറിയിച്ചു.

അതേസമയം ഇറാന് പിന്നാലെ ഇസ്രഈലില്‍ ലെബനനും ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് ഇസ്രഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്രഈല്‍ അതിര്‍ത്തിക്കടുത്ത് ലെബനന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഇസ്രഈല്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

ലെബനാനിലെ സായുധ സംഘമായ ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലെബനന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഇസ്രഈല്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാന്റെ മിസൈല്‍ പദ്ധതിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈല്‍ 32 രാജ്യങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ഇസ്രഈലി മന്ത്രി ഇസ്രഈല്‍ കാറ്റ്‌സാണ് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതിയത്.

ഇറാന്റെ സൈനിക സംഘടനയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് (ഐ.ആര്‍.ജി.സി)നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്നും കത്തില്‍ ഇസ്രഈല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാനെ ദുര്‍ബലപ്പെടുന്നതിനുള്ള ഏക മാര്‍ഗം ഐ.ആര്‍.ജി.സിയെ നിരോധിക്കുക എന്നതാണെന്നും കത്തില്‍ പറഞ്ഞിരുന്നു.

Content Highlight: EU considers expanding sanctions on Iran after attack on Israel

We use cookies to give you the best possible experience. Learn more